ദുഃഖവെള്ളി: ദുബായില്‍ പുലര്‍ച്ചെ മലയാളം തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്തത് കാല്‍ലക്ഷം പേര്‍

B.S. Shiju
Friday, April 19, 2019

ദുബായ് : ക്രിസ്തുവിന്റെ പീഡാസഹനത്തിന്റെ ഓര്‍മ്മ പുതുക്കി, ദുബായ് ഉള്‍പ്പടെ ഗള്‍ഫ് നഗരങ്ങളിലും ക്രൈസ്തവര്‍ ദുഃഖവെള്ളി ആചരിച്ചു. വിവിധ ക്രൈസ്തവ ദേവാലയങ്ങളിലായി നടന്ന തിരുകര്‍മ്മങ്ങളില്‍, മലയാളികള്‍ ഉള്‍പ്പടെ പതിനായിരങ്ങള്‍ പങ്കെടുത്തു.

ലോകത്തിന്റെ മുഴുവന്‍ പാപവും ഏറ്റുവാങ്ങി, സ്വയം ബലിയായ, യേശുക്രിസ്തു സഹിച്ച ,പീഡാനുഭവങ്ങളുടെ പരിസമാപ്തിയായിട്ടാണ് തിരുകര്‍മ്മങ്ങള്‍ നടന്നത്. ഗള്‍ഫിലെ ഏറ്റവും വലിയ കത്തോലിക്ക ദേവാലയമായ ദുബായ് സെന്റ് മേരീസ് പളളിയില്‍ , മലയാളി കത്തോലിക്കാ സമൂഹത്തിന്റെ നേതൃത്വത്തില്‍, ദുഃഖവെള്ളി തിരുകര്‍മ്മങ്ങള്‍ നടന്നു. പുലര്‍ച്ചെ അഞ്ചിന് , മലയാള ഭാഷയിലുള്ള ദുഃഖവെള്ളി ചടങ്ങുകള്‍ ആരംഭിച്ചു. ഇതിനായി, വിശ്വാസികളുടെ വലിയ തിരക്ക് അനുഭവപ്പെട്ടു. കുരിശിന്റെ വഴിയുടെ അനുസ്മരണവുമായി പരിഹാര പ്രദക്ഷിണം, പീഢാനുഭവ വായന, കുരിശിന്റെ ചുംബനം, കയ്പു നീര് വിതരണം എന്നിവ നടന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ കാല്‍ലക്ഷത്തോളം പേര്‍ മലയാളം തിരുകര്‍മ്മങ്ങളില്‍ സംബന്ധിച്ചു.

മലയാളി സമൂഹത്തിന്റെ ആത്മീയ ഗുരു ഫാദര്‍ അലക്‌സ് വാച്ചാപറമ്പില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാദര്‍ ജോസഫ് ഫെലിക്‌സ്, ഫാദര്‍ അനീഷ് എന്നിവര്‍ തിരുകര്‍മ്മങ്ങളില്‍ സഹ കാര്‍മികത്വം നല്‍കി. ഫാദര്‍ അനീഷ് കുരിശിന്റെ സന്ദേശം നല്‍കി. ഗള്‍ഫിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിലും, പ്രാര്‍ഥനകളും പ്രത്യേക ശുശ്രൂഷകളും നടന്നു. മലയാളികള്‍ ഉള്‍പ്പടെ ആയിരങ്ങള്‍ ദുഖവെള്ളി തിരുകര്‍മ്മങ്ങളില്‍ സജീവമായി പങ്കെടുത്തു.