കളമശ്ശേരി ഗവ. പോളിടെക്നിക്കിലെ ലഹരി വേട്ടയില്‍ കഞ്ചാവ് എത്തിച്ചവര്‍ പിടിയില്‍. ഇതര സംസ്ഥാനക്കാരായ അഹിന്ത മണ്ഡല്‍, സുഹൈല്‍ എന്നിവരാണ് അറസ്റ്റിലായ രണ്ട് പേര്‍ നാല് പാക്കറ്റ് കഞ്ചാവാണ് ഹോസ്റ്റലില്‍ എത്തിച്ചതായി പോലീസ് പറയുന്നത്. ഇവര്‍ തന്നെയാണ് കഞ്ചാവ് എത്തിച്ചതെന്ന് മുന്‍പ് പിടിയിലായ പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
കളമശ്ശേരി പോലീസിനും ഡാന്‍സാഫിനും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച രാത്രി കോളേജ് ഹോസ്റ്റലില്‍ റെയ്ഡ് നടന്നത്. കോളേജ് പ്രിന്‍സിപ്പല്‍ അയച്ച കത്താണ് കേസില്‍ വഴിത്തിരിവായത്. മുറികളില്‍ നടത്തിയ പരിശോധനയില്‍, ഒരു മുറിയില്‍നിന്ന് മാത്രം 1.9 കിലോ കഞ്ചാവ് കണ്ടെത്തിയിരുന്നു. പിന്നീട് മറ്റൊരു മുറിയില്‍നിന്ന് ഒമ്പതുഗ്രാം കഞ്ചാവും പോലീസിന് ലഭിച്ചു. പ്രധാന പ്രതി എന്ന് കരുതുന്ന കൊല്ലം സ്വദേശി അഭിരാജ് റെയ്ഡിനെ തുടര്‍ന്ന് ഒളിവില്‍ പോയിരുന്നു. പണമിടപാടുകള്‍ മറ്റും നടത്തുന്നത് അഭിരാജാണെന്നായിരുന്നു കണ്ടെത്തല്‍. പോലീസിന്റെ രാത്രി കാല പരിശോധനയിലാണ് അഭിരാജ് പിടിയിലായത്. തുടര്‍ന്നുള്ള വിദ്യാര്‍ഥികളുടെ മൊഴിയില്‍ നിന്നുമാണ് പോലീസ് കൂടുതല്‍ തെളിവുകളിലേക്ക് എത്തിയത്.
കോളേജ് ഹോസ്റ്റലില്‍ ഏഴ് തവണയാണ് ഇവര്‍ കഞ്ചാവ് എത്തിച്ചതായി അറസ്റ്റിലായ വിദ്യാര്‍ഥികള്‍ മൊഴി നല്‍കിയത്. യു.പി.ഐ. വഴി 16,000 രൂപയാണ് ഇവര്‍ കഞ്ചാവിനായി ഇടനിലക്കാര്‍ക്ക് കൈമാറിയത്. ആറുമാസങ്ങള്‍ക്ക് മുമ്പാണ് ഇവരില്‍നിന്ന് കഞ്ചാവ് വാങ്ങി തുടങ്ങിയതെന്നാണ് വിദ്യാര്‍ഥികളുടെ മൊഴി.