പനച്ചിക്കാട് പഞ്ചായത്തില്‍ കുടിവെള്ള വിതരണം മുടങ്ങി; വാട്ടര്‍ അതോറിറ്റി ഒഴിഞ്ഞുമാറ്റത്തില്‍ വന്‍ പ്രതിഷേധം; തിരുവഞ്ചൂരിന്‍റെ ഇടപെടലില്‍ പ്രശ്നപരിഹാരം

കോട്ടയം പനച്ചിക്കാട് പഞ്ചായത്തില്‍ കുടിവെള്ള വിതരണം മുടങ്ങിയതില്‍ വന്‍ പ്രതിഷേധം. വാട്ടർ അതോറിറ്റി പ്രതിഷേധക്കാര്‍ എത്തും മുമ്പ് പൈപ്പ് ലൈന്‍ മാറ്റാന്‍ ശ്രമിക്കുന്നതിനിടെ സമീപത്തെ പാലത്തിന്‍റെ അപ്രോച്ച്‌ റോഡ് തകര്‍ന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.

കോട്ടയം പനച്ചിക്കാട് പഞ്ചായത്തില്‍ കുടിവെള്ള വിതരണം മുടങ്ങിയിട്ട് ഒരു മാസമായി. വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥയാണ് ജലവിതരണം മുടങ്ങാന്‍ കാരണമെന്നാണ് ആരോപണം. ജലവിതരണം പുനസ്ഥാപിക്കണമെന്ന് നാട്ടുകാര്‍ പലതവണ ആവശ്യപ്പെട്ടിട്ടും തെരെഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്‍റെ പേരില്‍ വാട്ടര്‍ അതോറിറ്റി ഒഴിഞ്ഞുമാറി. ഇതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരപരിപാടി സംഘടിപ്പിച്ചത്.

ഇതിനിടെ ജനരോക്ഷം ഭയന്ന് വാട്ടര്‍ അതോറിറ്റി അറ്റകുറ്റപണികള്‍ക്കായി ജെസിബി ഉപയോഗിച്ച് പൈപ്പ് കണ്ടു പിടിക്കാനുള്ള ശ്രമത്തില്‍ കളത്തില്‍കടവ് പാലത്തിന്‍റെ അപ്രോച്ച് റോഡ് ഇടിഞ്ഞു. ഇത് പ്രശ്‌നം കൂടുതല്‍ വഷളാക്കി. തുടര്‍ന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ സ്ഥലത്തെത്തിയതോടെയാണ് പ്രശ്‌നത്തിന് പരിഹാരമായത്. 3 ദിവസത്തിനകം പുതിയ പൈപ്പിട്ട് ജലവിതരണം പുനഃസ്ഥാപിക്കുമെന്നും റോഡ് പൂര്‍വസ്ഥിതിയിലാക്കുമെന്നും അധികൃതര്‍ ഉറപ്പ് നല്‍കി.

വാട്ടര്‍ അതോറിറ്റിയുടെ ഉറപ്പുലഭിച്ച വിവരം എംഎല്‍എ അറിയിച്ചതോടെ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.

Comments (0)
Add Comment