ദുബായ് : ചികിത്സയ്ക്കപ്പുറം വാക്കിലൂടെയും സ്‌നേഹസ്പര്‍ശത്തിലൂടെയും രോഗികള്‍ക്ക് ആശ്വാസമാകുന്ന ഡോക്ടര്‍മാര്‍ക്കായി ജൂലൈ ഒന്ന് ഡോക്ടര്‍ ദിനമായി ആചരിക്കുമ്പോള്‍, ആ ദിനത്തെ ഹൃദയത്തോട് ചേര്‍ത്തു പിടിക്കുകയാണ് യുവ വ്യവസായിയും മലയാളി ഡോക്ടറുമായ ഷംഷീര്‍ വയലില്‍. രോഗിയുടെ നെഞ്ചിലെ മിടിപ്പും സ്വന്തം ജീവിതത്തിന്‍റെ താളവും ഒന്നുതന്നെയെന്ന് തിരിച്ചറിഞ്ഞ പ്രതിബദ്ധത നിറഞ്ഞ മറ്റൊരു പ്രവര്‍ത്തനം കൂടിയായി ഇത് മാറുകയാണ്.
ധനൂപ് കുടുംബത്തിലെ ഏക ആണ്‍ത്തരി
എസ് എസ് എല്‍ സി പരീക്ഷയില്‍ ഫുള്‍ എ-പള്‌സ് നേടിയ ഏക ആണ്‍തരിയായ മകന് , സമ്മാനവുമായി നാട്ടിലേക്ക് പുറപ്പെടാന്‍ റാസല്‍ഖൈമ വിമാനത്താവളത്തില്‍ എത്തി വിമാനത്താവളത്തില്‍ കുഴുഞ്ഞു വീണ് മരിച്ച പ്രവാസിയുടെ കുടുംബത്തിന് സഹായ ഹസ്തവുമായാണ് പ്രവാസി സംരംഭകന്‍ ഡോ. ഷംഷീര്‍ രംഗത്ത് വന്നത്. മരണശേഷം നടത്തിയ പരിശോധനയില്‍ പവിത്രന് കൊവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്രകാരം മരിച്ച, കോഴിക്കോട് കുറ്റ്യാടി കായക്കൊടി സ്വദേശി പവിത്രന്‍ മന്‍ച്ചക്കലിന്‍റെ മകന്‍ ധനൂപിന്‍റെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്താണ് ഈ പുണ്യപ്രവര്‍ത്തി. രണ്ടു സഹോദരിമാര്‍ക്കിടയിലെ ഏക സഹോദരനാണ് ധനൂപ്. പ്രവാസിയായ പവിത്രന്‍റെ മരണവാര്‍ത്തയും ധനൂപിന്‍റെ എസ് എസ് എല്‍ സി പരീക്ഷാ ഫലം സംബന്ധിച്ച പിതാവിന്‍റെ സമ്മാന വാര്‍ത്തയും ജയ്ഹിന്ദ് ടിവിയാണ് , ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതേതുടര്‍ന്നാണ് വി പി എസ് ഹെല്‍ത്ത് കെയര്‍ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ ഉടന്‍ നടപടി സ്വീകരിക്കുകയായിരുന്നു.
വാക്കിലും പ്രവര്‍ത്തിയിലും സ്‌നേഹസ്പര്‍ശമായി ‘ഡോക്ടര്‍ ദിനം’
സ്ഥലത്തെ പഞ്ചായത്ത് പ്രസിഡണ്ടിനെ ഫോണില്‍ ബന്ധപ്പെട്ട്, പവിത്രന്‍റെ മകന്‍റെ വിദ്യാഭ്യാസ പഠനചെലവ് സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു. വി പി എസ് ഹെല്‍ത്ത് കെയറിന്‍റെ ഇന്ത്യാ ഓഫീസിലെ സംഘം ഇതിനായി വരും ദിവസം പവിത്രന്‍റെ വീട് സന്ദര്‍ശിക്കും. പവിത്രന്‍റെ വേദനാജനകമായ വിയോഗ വാര്‍ത്തയറിഞ്ഞാണ് എസ് എസ് എല്‍ സി പരീക്ഷയില്‍ തിളങ്ങുന്ന വിജയം നേടിയ മകന്‍റെ പഠന ചിലവ് ഏറ്റെടുക്കാന്‍ സന്നദ്ധതയറിയിച്ചത്. പവിത്രന്‍റെ മകന്‍ ധനൂപിന്‍റെ പ്ലസ്ടു, ഡിഗ്രി പഠന ചിലവുകള്‍ക്കായി അഞ്ചു ലക്ഷം രൂപ കുടുംബത്തിന് കൈമാറും. അത്താണി നഷ്ടമായി ദുരിതത്തിലായ കുടുംബത്തിന് ദേശീയ ഡോക്ടേഴ്സ് ദിനത്തിലാണ് കോഴിക്കോട് സ്വദേശിയായ ഡോ.ഷംഷീര്‍ വയലില്‍ പിന്തുണയുമായി രംഗത്തെത്തിയതെന്നതും ശ്രദ്ധേയം.
ലക്ഷ്യം ധനൂപിന് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കല്‍
അജ്മാനിലെ സ്വര്‍ണ്ണക്കടയുടെ നിര്‍മാണശാലയില്‍ മൂന്ന് മാസമായി ജോലി ഇല്ലാതെ കഴിയുകയായിരുന്ന പവിത്രന്‍ എസ്എസ്എല്‍സി പരീക്ഷയിലെ മകന്‍റെ തിളങ്ങുന്ന വിജയവാര്‍ത്തയറിഞ്ഞു മകന് സമ്മാനിക്കാന്‍ പുതിയ ഫോണ്‍ വാങ്ങിച്ച്, നാട്ടിലേക്ക് തിരിക്കാനാണ് പദ്ധതിയിട്ടതെന്ന് സുഹൃത്തുക്കള്‍ വെളിപ്പെടുത്തിയിരുന്നു. പവിത്രന്‍റെ തൊഴില്‍ നഷ്ടത്തിനും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കുമിടെ കുടുംബത്തിന് പ്രതീക്ഷ നല്‍കിയ വിജയമായിരുന്നു മകന്‍റേത്. ഇപ്രകാരം, കുടുംബത്തിന്‍റെ സ്വപ്നങ്ങള്‍ പൂര്‍ത്തിയാക്കാനും ധനൂപിന് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാനുമാണ് ശ്രമമെന്ന് വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ലക്ഷ്യമിടുന്നത്. കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്കുചേരുന്നു. എസ്എസ്എല്‍സി പരീക്ഷയില്‍ തിളങ്ങുന്ന വിജയം നേടിയ ധനൂപ് , കുടുംബത്തിന് മാത്രമല്ല സമൂഹത്തിനാകെ പ്രതീക്ഷയാണ്.