കൊച്ചി: ന്യൂനപക്ഷ സ്കോളർഷിപ്പും ദളിത് വിഭാഗത്തിന്റെ ധന സഹായങ്ങളും വെട്ടിക്കുറച്ച നടപടിയിൽ ദീപിക മുഖപ്രസംഗത്തില്‍ കടുത്ത വിമർശനം. ജനത്തിന് ആവശ്യമായ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച സർക്കാർ എന്തിനെന്നറിയാത്ത ഹെലികോപ്റ്ററിന് വാടക കൊടുക്കുന്നു. പാവങ്ങള്‍ക്ക് കര കയറാനുള്ള അവസാന മാർഗവും പിണറായി സർക്കാർ എടുത്തുമാറ്റി. ഇനിയൊരു ഇലക്ഷന് ഉണ്ടാകുമ്പോള്‍ ജനം എന്ത് പ്രതീക്ഷിച്ച് സിപിഎമ്മിന് വോട്ട് ചെയ്യണം എന്നാണ് സർക്കാർ കരുതുന്നത്? ‘സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിൽ ധൂർത്തും പൊങ്ങച്ച സദസുകളും ഒഴിവാക്കൂവെന്നും പിണറായിയുടെ വാഹനവ്യൂഹം എങ്ങോട്ടാണ് ലക്കില്ലാതെ പായുന്നതെന്നും’ ദീപിക മുഖപ്രസംഗത്തില്‍ ചോദിക്കുന്നുണ്ട്.
കിട്ടാവുന്ന സ്ഥലത്തു നിന്നുമെല്ലാം കടം വാങ്ങിക്കൂട്ടിയും ക്ഷേമ പെൻഷനുകൾ മുടക്കിയും മുന്നോട്ടു നീങ്ങുന്ന സർക്കാർ ഇപ്പോള്‍ ന്യൂനപക്ഷ സ്കോളർഷിപ്പിലും ദളിതരുടെ പദ്ധതികളിലും കൈവച്ചിരിക്കുകയാണ്. സ്കോളർഷിപ്പിൽ 50 ശതമാനവും ദളിത് പദ്ധതികളിൽ 60 ശതമാനവും വെട്ടിക്കുറച്ചുകൊണ്ടാണ് സർക്കാർ ഇപ്പോള്‍ മുന്നോട്ടു പോകുന്നത് . ന്യൂനപക്ഷ സ്കോളർഷിപ്പുകളിൽ ഏറ്റവും കൂടുതൽ തുക വകയിരുത്തിയിട്ടുള്ളത് ആദ്യ വിദ്യാഭ്യാസ മന്ത്രിയായ ജോസഫ് മുണ്ടശേരിയുടെ പേരിലുള്ളതിലാണ്. 5.24 കോടി രൂപയാണ് തുക. അതിപ്പോൾ, 2.62 കോടിയാക്കി കുറച്ചു. അതേസമയം, ഒരുപയോഗവുമില്ലാതെ, എന്തിനെന്നുപോലും ആർക്കുമറിയില്ലാത്ത ഹെലികോപ്റ്റിന്റെ ഒന്‍പത് മാസത്തെ വാടകയായി 7.20 കോടി രൂപ ഒരുളുപ്പുമില്ലാതെ കൊടുത്തു കേരള സർക്കാർ. ഇനിയും ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് കൊടുക്കും എന്ന് ഉറപ്പാണ്. അതിന് ഖജനാവില്‍ പ്രത്യേക കാശും ഉണ്ടാകും. രണ്ടാം പിണറായി സർക്കാരിന്റെ ഈ ഭരണം എങ്ങോട്ടാണ് ലക്ഷ്യമില്ലാതെ പായുന്നത് എന്ന് ജനങ്ങള്‍ക്കുപോലും മനസ്സിലാകുന്നില്ല.
വിദ്യാഭ്യാസച്ചെലവുകൾ വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ ഓരോ വർഷം കൂടുംതോറും സ്കോളർഷിപ്പുകളും ആനുകൂല്യങ്ങളും വർധിപ്പിക്കേണ്ട സാഹചര്യത്തിലാണ് സർക്കാർ ഉള്ളതും കൂടി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. ‘സാമ്പത്തികസ്ഥിതി ഇത്ര മോശമാണെങ്കിൽ സർക്കാരിന്റെ ധൂർത്തും വിദ്യാഭ്യാസ കോൺക്ലേവുകളും സമ്മേളനങ്ങളും വാഹനവ്യൂഹങ്ങളും പൊങ്ങച്ച സദസുകളും കൂടി നിയന്ത്രിക്കണം. പണം വിഴുങ്ങുന്ന അനാവശ്യ നിയമനങ്ങൾ കണ്ടെത്താൻ ഒരു കമ്മീഷനെ വയ്ക്കണം. പാർട്ടിക്കാർ പ്രതികളാകുന്ന കേസുകളിൽ രക്ഷിക്കാനും പ്രതിപക്ഷ നേതാക്കൾ പ്രതികളാകുന്നിടത്ത് ശിക്ഷിക്കാനുമൊക്കെ ചെലവാക്കിയ കോടികൾ ജനാധിപത്യത്തിനുതന്നെ മാനക്കേടാണ്. ക്ഷേമ പെൻഷനുകളും സ്കോളർഷിപ്പുകളും കൊടുക്കാനാവാത്ത നവകേരളമാണോ കേരള സർക്കാരിന്റേത്?..എന്നും ദീപിക എഡിറ്റോറിയലിൽ ചൂണ്ടിക്കാട്ടുന്നു.