ശബരിമലയിൽ ഭിന്നശേഷിക്കാർക്ക് ഡോളി സേവനം ഉറപ്പാക്കണം; കർശന നിർദേശവുമായി ഹൈക്കോടതി

Jaihind Webdesk
Wednesday, December 11, 2024

 

കൊച്ചി: ശബരിമലയില്‍ ഭിന്നശേഷിക്കാരനു ഡോളി സേവനം നിഷേധിക്കപ്പെട്ട  സംഭവത്തിൽ ഹൈക്കോടതി കർശന നിർദേശം നല്‍കി.  ശബരിമലയിൽ എത്തുന്നവരില്‍ ശാരീരികമായി ബുദ്ധിമുട്ടുള്ളവർക്ക് ഡോളി എത്തിക്കുന്നതിനു സംവിധാനം വേണമെന്ന് ഹൈക്കോടതി നിർദേശിച്ചു. പോലീസും ദേവസ്വം ബോർഡുമാണ് ഇക്കാര്യം ഉറപ്പാക്കേണ്ടതെന്നും ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവരുടെ  ബെഞ്ച് നിർദേശം നൽകി.

ശാരീരിക ബുദ്ധിമുട്ടുള്ളവരുടെ വാഹനങ്ങൾ നിലയ്ക്കലെത്തുമ്പോൾത്തന്നെ പമ്പയിലേക്ക് പോലീസ് വിവരങ്ങൾ കൈമാറണം. തുടർന്ന് പമ്പയിൽ ഡോളി തയാറാക്കണമെന്നും കോടതി നിർദേശിച്ചു.

കഴിഞ്ഞ ദിവസം പമ്പ ബസ് സ്റ്റോപ്പിൽ എത്തിയ ഭിന്നശേഷിക്കാരന് ഡോളി ലഭിച്ചില്ലെന്ന സംഭവത്തില്‍ കോടതി നേരത്തേ വിശദീകരണം തേടിയിരുന്നു. തിരുവനന്തപുരം പാലോട് സ്വദേശി സജീവനാണ് ഡോളി ലഭിക്കാതിരുന്നത്. പമ്പയിൽ ബസിറങ്ങിയ സ്ഥലത്തേക്ക് ഡോളി വിടാതെ പൊലീസ് തടഞ്ഞുവച്ചു എന്നായിരുന്നു ആരോപണം.