ഇങ്ങനെ ഖജനാവു കൊള്ളയടിക്കുന്ന മുഖ്യമന്ത്രിയെ നാടിന് വേണോ?; ഹെലികോപ്ടർ വിഷയത്തില്‍ രൂക്ഷ വിമർശനവുമായി കെ. സുധാകരന്‍ എംപി

Jaihind Webdesk
Thursday, August 31, 2023

 

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഹെലികോപ്ടർ യാത്രയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ മുങ്ങി നിൽക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ ധൂർത്ത്. സംസ്ഥാനം മൊത്തം വിറ്റാലും കടബാധ്യത തീർക്കാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

80 ലക്ഷം രൂപ മുടക്കി ഫ്ലൈറ്റിൽ യാത്ര ചെയ്യാൻ മുഖ്യമന്ത്രി ആരാണ്. ഈ നാട്ടിലെ ഒരാൾക്കും മുഖ്യമന്ത്രിയെ വേണ്ട. പിന്നെ എന്തിനാണ് മുഖ്യമന്ത്രിക്ക് ഇത്രയും സുരക്ഷയെന്ന് കെ സുധാകരന്‍ പരിഹസിച്ചു. മുഖ്യമന്ത്രിക്ക് എന്താണ് പ്രത്യേകതയെന്നും
ഇങ്ങനെ ഖജനാവ് കൊള്ളയടിക്കുന്ന ഒരു മുഖ്യമന്ത്രി നാടിനു വേണമോ എന്ന് ചിന്തിക്കേണ്ട സമയമായെന്നും കെ സുധാകരൻ പറഞ്ഞു. ഇത്തരം ധൂർത്ത് കമ്യൂണിസ്റ്റ് പാർട്ടിയുടെ രീതിയാണോ. ഇതിനെതിരെ ഒരു കമ്യൂണിസ്റ്റുകാരുടെയും നാവു പൊങ്ങാത്തതെന്താണെന്നും അദ്ദേഹം ചോദിച്ചു.

ലൈഫ് മിഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ സെക്രട്ടറി ജയിലിലാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ലൈഫ് മിഷനിലെ ഓരോ ഫയലിലും ഒപ്പു വെച്ചത്. നടപ്പിലാക്കിയയാള്‍ അകത്തായപ്പോള്‍ ഉത്തരവിട്ടയാള്‍ പുറത്താണെന്നത് ഓർക്കണം. ബിജെപിയുടെ തണലില്ലെങ്കില്‍ മുഖ്യമന്ത്രി എന്നേ ഇരുമ്പഴിക്കുള്ളിലായേനെയെന്ന് കെ സുധാകരന്‍ എംപി പറഞ്ഞു. എല്ലാം രാഷ്ട്രീയപരമായ അന്തർധാരയാണ്. ബിജെപിയും ഒരുഭാഗത്ത് കൊള്ളയടിക്കുകയാണ്.

മാത്യു കുഴല്‍നാടന്‍റെ സ്വത്തു പരിശോധിക്കാന്‍ അദ്ദേഹം വെല്ലുവിളിച്ചിട്ടും ഒരു സിപിഎം നേതാവും പോകാത്തത് എന്തുകൊണ്ടാണെന്ന് കെ സുധാകരന്‍ എംപി ചോദിച്ചു. മാത്യു കുഴൽനാടനൊപ്പം പാർട്ടിയുണ്ടെന്നും അദ്ദേഹത്തിന് എല്ലാ പിന്തുണയും പാർട്ടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോട്ടയം പുതുപ്പള്ളിയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.