ശക്തിധരന്‍റെ വെളിപ്പെടുത്തലില്‍ ആഭ്യന്തരമന്ത്രി സ്ഥാനത്തുനിന്ന് മാറിനിന്ന് അന്വേഷണം നേരിടാന്‍ ധൈര്യമുണ്ടോ?’; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Tuesday, June 27, 2023

 

ന്യൂഡല്‍ഹി: കൈതോലപ്പായയിൽ പൊതിഞ്ഞ് കോടികൾ കടത്തിയതായി ദേശാഭിമാനിയിലെ മുൻ പത്രാധിപ സമിതിയംഗം ജി ശക്തിധരന്‍റെ വെളിപ്പെടുത്തലിൽ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പ്രതിപക്ഷന നേതാവ് വി.ഡി സതീശന്‍. ശക്തിധരന്‍റെ വെളിപ്പെടുത്തലിൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയന് ധൈര്യമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ഇരട്ടനീതി പാടില്ലെന്നും ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് പറഞ്ഞു.

‘‘കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരായി ഒരു പരാതിക്കാരന്‍റെ പഴയകാലത്തെ മൊഴിയനുസരിച്ച് വീണ്ടും കേസെടുത്ത് മുന്നോട്ടു പോവുകയാണ്. ഇത് ആരോപണങ്ങളുടെ ശരമേറ്റ് പ്രതിക്കൂട്ടിൽ നിൽക്കുന്ന സർക്കാർ അതിൽനിന്ന് ശ്രദ്ധ തിരിക്കുന്നതിനു വേണ്ടി മനഃപൂർവം ഉണ്ടാക്കുന്ന കള്ളക്കേസുകളാണ്. അതെല്ലാം അന്വേഷിച്ചോട്ടെ. ഞങ്ങൾക്ക് വിരോധമില്ല. പക്ഷേ അതു മാത്രം അന്വേഷിച്ചാൽ പോരല്ലോ. കഴിഞ്ഞ ദിവസം ദേശാഭിമാനിയുടെ മുൻ പത്രാധിപ സമിതി അംഗമായിരുന്ന ജി ശക്തിധരൻ ഗുരുതരമായ ആരോപണമാണ് മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ചിട്ടുള്ളത്. അദ്ദേഹം പാർട്ടി സെക്രട്ടറിയായിരുന്ന സമയത്ത് കൊച്ചി കലൂരിലുള്ള ദേശാഭിമാനി ഓഫിസിൽ വിവിധ ആളുകളിൽ നിന്നായി ശേഖരിച്ച പണം ഒരു കൈതോലയിൽ കെട്ടി കാറിൽ കയറ്റി തിരുവനന്തപുരത്തേക്കു കൊണ്ടുപോയി എന്നാണ് ആരോപണം. നിസാര തുകയല്ല കൈതോലയിൽ കെട്ടി കൊണ്ടുപോയത്. 2.35 കോടി രൂപയാണ് കൊണ്ടുപോയത്. എവിടെനിന്നാണ്, ആരിൽനിന്നാണ് പണം കിട്ടിയത് എന്ന് അന്വേഷണം നടത്തണ്ടേ? പിണറായി വിജയന്‍റെ കൂടെനിന്ന് പണം എണ്ണി തിട്ടപ്പെടുത്തിയ ആൾ വെളിപ്പെടുത്തൽ നടത്തുമ്പോൾ അതിൽ അന്വേഷണം നടത്താൻ ധൈര്യമുണ്ടോ? ശക്തിധരൻ പറഞ്ഞിരിക്കുന്ന കാര്യത്തെക്കുറിച്ച് എഫ്ഐആർ ഇട്ട് അന്വേഷണം നടത്താനും, അത് അന്വേഷണം നടത്തുമ്പോൾ ആഭ്യന്തര മന്ത്രിയുടെ പദവിയിൽനിന്ന് മാറിനിൽക്കാനും മുഖ്യമന്ത്രി തയാറുണ്ടോ എന്നാണ് ഞങ്ങളുടെ ചോദ്യം. ഇരട്ടനീതി പാടില്ല.’ – വി.ഡി സതീശൻ പറഞ്ഞു.