കൊച്ചി : മദ്യഷോപ്പുകൾ പരിഷ്കരിക്കുന്നതിൽ നയപരമായ മാറ്റം അനിവാര്യമെന്ന് ഹൈക്കോടതി. മദ്യം വാങ്ങാനെത്തുന്നവർക്ക് ക്യൂ നിൽക്കേണ്ട അവസ്ഥ ഉണ്ടാക്കരുതെന്ന് നിർദേശിച്ച കോടതി, മറ്റുകടകളിലേതുപോലെ കയറാനും ഇറങ്ങാനുമുള്ള സൗകര്യം ബെവ്കോയിൽ വേണമെന്നും ചൂണ്ടിക്കാട്ടി. ബെവ്കോ ഔട്ട്ലെറ്റുകളിലെ പരിഷ്‌കാരം ഒരു കാലിലെ മന്ത് എടുത്ത് അടുത്ത കാലിൽ വെച്ചത് പോലെ ആകരുതെന്നും ഹൈക്കോടതി നിർദേശിച്ചു .
ആരും വീടിന് മുന്നിൽ ബെവ്കോ ഔട്‌ലറ്റുകൾ വരുന്നത് ആഗ്രഹിക്കുന്നില്ല. ഔട്ട്ലെറ്റുകള്‍ പരിഷ്കരിക്കുന്നതില്‍ നയപരമായ മാറ്റം ആവശ്യമാണെന്ന് കോടതി പറഞ്ഞു. അതേസമയം, വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാത്ത പത്ത് മദ്യശാലകൾ മാറ്റി സ്ഥാപിച്ചെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. 33 കൗണ്ടറുകള്‍ പരിഷ്‌കരിച്ചു. എന്നാൽ വാക്ക് ഇൻ ഷോപ്പ് തുടങ്ങേണ്ട സമയം ആയിക്കഴിഞ്ഞെന്ന് നിരീക്ഷിച്ച കോടതി, അഭിപ്രായം അറിയിക്കാൻ സർക്കാരിന് നിർദ്ദേശം നൽകി.