കൊച്ചി: കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിലെ താമസക്കാർക്ക് വയറിളക്കവും ഛർദ്ദിയും ഉണ്ടായ സംഭവത്തില്‍ ആരോഗ്യ വകുപ്പ് നടപടികൾ ഊർജ്ജിതമാക്കി. സൂപ്പർ ക്ലോറിനേഷൻ ശാസ്ത്രീയമായി നടക്കുന്നണ്ടെന്ന് ദിവസേന ഉറപ്പ് വരുത്തുന്നതിനുള്ള നിർദ്ദേശങ്ങളും നൽകി. എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നും ക്ലിനിക്കൽ കെയറിനായി മെഡിക്കൽ സംഘത്തെ ഫ്ലാറ്റ് സമുചയത്തിൽ നിയോഗിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങൾ കണ്ടവർക്ക് ചികിത്സ ഉറപ്പാക്കാനുള്ള സൗകര്യങ്ങൾ തൃക്കാക്കരയിൽ പൂർത്തിയാക്കി.
വെള്ളത്തിന്‍റെ പരിശോധന ഫലം ലഭിച്ച ഉടൻ തുടർ നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് പരിശോധനയ്ക്കായി സാമ്പിളുകൾ ലാബിൽ എത്തിച്ചത്. പരിശോധന നടത്താൻ 48 മുതൽ 72 മണിക്കൂർ സമയം വേണമെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. ഫ്ലാറ്റിൽ രണ്ടാഴ്ചക്കുള്ളിൽ 441 പേർക്ക് രോഗ ലക്ഷണങ്ങൾ കണ്ടതായി അറിയിച്ചു.