‘അഞ്ച് വർഷം ക്രിയാത്മക ഇടപെടലുകൾ, പ്രതിപക്ഷ സംവിധാനത്തെ കരുത്തുള്ള ഭാഗമാക്കി മാറ്റി’ ; രമേശ് ചെന്നിത്തലയെ പ്രശംസിച്ച് അരുൺ ഗോപി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പ്രശംസിച്ച് നടനും സംവിധായകനുമായ അരുൺ ഗോപി. പ്രതിപക്ഷ ധർമം എന്നാൽ തെരുവിലെ രൂക്ഷമായ സമരങ്ങൾ മാത്രമാണെന്ന് കരുതുന്ന പൊതുബോധത്തിന് മുന്നിൽ രമേശ്‌ ചെന്നിത്തല വ്യത്യസ്തനാണെന്നും ക്രിയാത്മകമായ ഇടപെടലുകൾ കൊണ്ട് രാഷ്ട്രീയ ഭൂപടത്തിൽ പ്രതിപക്ഷ സംവിധാനത്തെ കരുത്തുള്ള ഒരു ഭാഗമാക്കി മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞെന്നും അരുൺ ഗോപി പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പി‍ന്‍റെ പർണ്ണരൂപം.
പ്രിയങ്കരനായ രമേശ്‌ ചെന്നിത്തല സർ പ്രതിപക്ഷ നേതാവ് സ്ഥാനത്ത്‌ കാലാവധി പൂർത്തിയാക്കുന്നു.
അഞ്ച് വർഷം ക്രിയാത്മകമായ ഇടപെടലുകൾ കൊണ്ട് തന്റെ ഉത്തരവാദിത്വം ഭംഗിയായി നിർവഹിക്കാൻ അദേഹത്തിന് കഴിഞ്ഞിട്ടുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. പ്രതിപക്ഷ ധർമം എന്നാൽ തെരുവിലെ രൂക്ഷമായ സമരങ്ങൾ മാത്രമാണെന്ന് കരുതുന്ന പൊതുബോധത്തിന് മുന്നിൽ രമേശ്‌ ചെന്നിത്തല വ്യത്യസ്തനാണ്. ക്രിയാത്മകമായ ഒരുപാട് ഇടപെടലുകൾ കൊണ്ട് രാഷ്ട്രീയ ഭൂപടത്തിൽ പ്രതിപക്ഷ സംവിധാനത്തെ കരുത്തുള്ള ഒരു ഭാഗമാക്കി മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞു. അതിന് ഉത്തമ ഉദാഹരണങ്ങളായി അദേഹം ഉയർത്തിയ വിഷയങ്ങളും അവക്ക് ലഭിച്ച സ്വീകാര്യതയും നമുക്ക് മുൻപിലുണ്ട്. തിരക്കേറിയ പ്രതിപക്ഷ ഉത്തരവാദിത്തങ്ങൾക്ക് നടുവിലും സമൂഹ നന്മയെ ലക്ഷ്യം വച്ച് നല്ല ഇടപെടലുകൾ നടത്താനും അദേഹം മറന്നില്ല. കോവിഡ് കാലത്ത് സ്വന്തം ഓഫീസിൽ കൺട്രോൾ റൂം തുറന്നും, പ്രളയ കാലത്ത് ഒരുപാട് സഹായങ്ങൾ എത്തിച്ചും നാടിനോടൊപ്പം നിൽക്കാൻ അദേഹം മുന്നിലുണ്ടായിരുന്നു. വലിയ മാധ്യമ ശ്രദ്ധ ആഗ്രഹിക്കാതെ അദ്ദേഹം മുൻകൈയെടുത്ത് നടത്തിയ പരിപാടി ആയിരുന്നു ബൈസൈക്കിൾ ചലഞ്ച്.
ഈ ചലഞ്ചിൽ പങ്കെടുക്കാനും രമേശ്‌ സർ നിർദേശിച്ച സ്കൂളിൽ ഒരു പെൺകുട്ടിക്ക് ഒരു സൈക്കിൾ സമ്മാനിക്കാൻ എനിക്കും കഴിഞ്ഞിട്ടുണ്ട്
ഇങ്ങനെ സൈക്കിൾ കിട്ടിയ പെൺകുട്ടികൾ ആലപ്പുഴയിലും പത്തനംതിട്ടയിലും എറണാകുളത്തും സന്തോഷത്തിന്റെ സൈക്കിൾബെൽ മുഴക്കി പോകുന്നതോർക്കുമ്പോൾ രമേശ്‌ ചെന്നിത്തലയോട് ആദരവ് കൂടുന്നു.
വ്യക്തി ബന്ധം കൊണ്ട് ഏറെ അടുത്ത് നിൽക്കുന്ന പ്രിയപ്പെട്ട രമേശ്‌ ചെന്നിത്തല പ്രതിപക്ഷ നേതാവ് സ്ഥാനത്തു കാലാവധി പൂർത്തിയാക്കുമ്പോൾ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു സർ.
Comments (0)
Add Comment