നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ വീണ്ടും വെളിപ്പെടുത്തലുമായി സംവിധായകൻ ബാലചന്ദ്രകുമാർ. ദിലീപിന് നാലു ഫോണുകളും പത്തിലേറെ സിം കാർഡുകളുമുണ്ട്. ദിലീപിന്‍റെ സഹോദരീ ഭർത്താവ് ഉപയോഗിച്ച ഫോണ്‍ കൂടി കണ്ടെത്തണം. ഫോൺ കണ്ടെത്തിയാൽ താൻ ആരോപിച്ചതിനേക്കാൾ കൂടുതൽ കാര്യങ്ങൾ പുറത്തുവരുമെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. തനിക്ക് മൂന്ന് ഫോണുകളേ ഉള്ളൂവെന്ന ഹൈക്കോടതിയിലെ ദിലീപിന്‍റെ വാദത്തിന് പിന്നാലെയാണ് വെളിപ്പെടുത്തലുമായി ബാലചന്ദ്രകുമാർ വീണ്ടും രംഗത്തെത്തിയത്.
താന്‍ പണം ആവശ്യപ്പെട്ട് ബ്ലാക്ക്മെയില്‍ ചെയ്തു എന്ന് ദിലീപ് നല്‍കിയ സത്യവാങ്മൂലത്തിന്‍റെ നിജസ്ഥിതിയും ഈ ഫോണ്‍ പരിശോധനയിലൂടെ വ്യക്തമാകുമെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. ദിലീപ് ജയിലില്‍ കിടന്ന സമയത്ത് സഹോദരിയുടെ ഭര്‍ത്താവ് ഉപയോഗിച്ചതാണ് ഈ ഫോണ്‍. ഇതില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉണ്ടാകുമെന്നാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്.
അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിനോടനുബന്ധിച്ച് ഫോണുകള്‍ തിങ്കളാഴ്ച 10.15 ന് മുമ്പ് ഹാജരാക്കണമെന്ന് ഹൈക്കോടതി കർശന നിർദേശം നല്‍കി. ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളില്‍ നിന്നായി 7 ഫോണുകള്‍ കണ്ടെത്തേണ്ടതുണ്ടെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചത്. 4 ഫോണുകള്‍ ദിലീപിന്‍റേതും 3 എണ്ണം മറ്റ് പ്രതികളുടേതും. എന്നാല്‍ തനിക്ക് 3 ഫോണുകള്‍ മാത്രമാണുള്ളതെന്നായിരുന്നു ദിലീപ് കോടതിയെ അറിയിച്ചത്. ഇക്കാര്യത്തില്‍ കോടതി തീരുമാനം വ്യക്തമാക്കിയിട്ടില്ല. മറ്റ് 6 ഫോണുകള്‍ തിങ്കളാഴ്ച തന്നെ ഹാജരാക്കാനാണ് നിർദേശം. ഇതിന് പിന്നാലെയാണ് വെളിപ്പെടുത്തലുമായി സംവിധായകന്‍ ബാലചന്ദ്രമേനോന്‍ വീണ്ടും എത്തിയിരിക്കുന്നത്.