ഫോണ്‍വിളി രേഖകള്‍ പരിശോധിക്കാനുള്ള നടപടി സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം; ഉത്തരവ് പിന്‍വലിക്കണം:എം.എം.ഹസ്സന്‍

കൊവിഡ് രോഗികളുടെ സമ്പര്‍ക്കം മനസിലാക്കാന്‍ ഫോണ്‍വിളി രേഖകള്‍ പരിശോധിക്കാനുള്ള ഡി.ജി.പിയുടെ ഉത്തരവ് വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും ഭരണഘടനാ വിരുദ്ധവുമാണെന്നും ഈ ഉത്തരവ് എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്നും മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് എം.എം.ഹസ്സന്‍.

കൊവിഡ് രോഗപ്രതിരോധ രംഗത്ത് സുത്യര്‍ഹമായ സേവനമാണ് പോലീസ് വഹിക്കുന്നത്. പൊലീസിന് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അധിക ചുമതല നല്‍കിയപ്പോള്‍ തന്നെ ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധിച്ചിരുന്നു. കണ്ടെയിന്‍മെന്‍റ് സോണുകള്‍ തീരുമാനിക്കാനും സമ്പര്‍ക്ക പട്ടിക തയ്യറാക്കാനുമാണ് പൊലീസിന് നല്‍കിയ ചുമതല.  ഇപ്പോള്‍ 24 മണിക്കൂറിനുള്ളില്‍ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതിന്‍റെ ഭാഗമായി കൊവിഡ് പോസിറ്റീവായ വ്യക്തികളുടെ സമ്പര്‍ക്കവിശദാംശങ്ങള്‍ നല്‍കാനാണ് ടെലികോം വിതരണ സേവന ദാതാക്കളോട് ഡി.ജി.പി ആവശ്യപ്പെട്ടിരിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും പരിപൂര്‍ണ്ണ സഹായമാണ് പൊലീസ് നല്‍കേണ്ടത്. അതിന് വിപരീതമായി വ്യക്തികളുടെ മൗലികാവകാശങ്ങളുടെ മേല്‍ കടന്നുകയറാന്‍ പൊലീസിന് അധികാരം നല്‍കുന്നത് അപകടകരമാണ്. ഇത് ബുദ്ധിശൂന്യമായ നടപടിയാണ്.  ഭയമല്ല, ജാഗ്രത മതിയെന്ന് പറയുന്ന സര്‍ക്കാര്‍ ജനങ്ങളെ ഭയപ്പെടുത്തുകയാണ്.

കേരളത്തില്‍ സെപ്റ്റംബര്‍ മാസത്തോടെ കൊവിഡ് രോഗികളുടെ എണ്ണം 10,000 മുതല്‍ 20,000 വരെ വര്‍ധിക്കാനും മരണനിരക്ക് കൂടാനും സാധ്യതയുണ്ടെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളെ ഭയപ്പെടുത്തുന്നതാണ്. രോഗവ്യാപനം ക്രമാതീതമായി വര്‍ധിക്കുമെന്ന ആരോഗ്യമന്ത്രിയുടെ പ്രതികരണം സൂചിപ്പിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്‍റെ കൊവിഡ് പ്രതിരോധം പരാജയപ്പെട്ടെന്ന് തെളിയിക്കുന്നതാണെന്നും ഹസ്സന്‍ പറഞ്ഞു.

Comments (0)
Add Comment