പോലീസ് നിയന്ത്രണങ്ങള്‍ക്കെതിരെ സന്നിധാനത്ത് വീണ്ടും പ്രതിഷേധം

ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങള്‍ക്കെതിരെ സന്നിധാനത്ത് വീണ്ടും പ്രതിഷേധ ശരണാരവം. നടപ്പന്തലിലടക്കം വിരിവെക്കാനനുവദിക്കാത്ത പോലീസ് നടപടിക്കെതിരെയായിരുന്നു വാവര് നടയ്ക്ക് സമീപം ഭക്തർ പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ മാളികപ്പുറത്തിന് സമീപത്തെ ശുചിത്വമില്ലാത്ത ക്യൂ കോംപ്ലക്സിലേക്ക് മാറ്റിയതും കൂടുതൽ പ്രതിഷേധത്തിനിടയാക്കി.

കഴിഞ്ഞ ദിവസം പ്രതിഷേധ നാമജപമുയർന്ന എതാണ്ട് അതേ സമയത്ത് തന്നെയാണ് തിങ്കളാഴ്ചയും ശരണ മന്ത്ര പ്രതിഷേധം സന്നിധാനത്ത് അലയടിച്ചത്. വലിയ നടപ്പന്തലിലടക്കം ഭക്തരെ വിരിവെക്കാൻ അനുവദിക്കാത്തതെന്തെന്ന് കോടതി ചോദിച്ചതിന് പിന്നാലെയാണ് ഇവിടെ വിരിവെക്കാനായി ഒരു സംഘം ഭക്തന്മാരെത്തിയത്. എന്നാൽ പോലീസ് ഇതിനനുവദിക്കാതിരുന്നതോടെയാണ് 22 പേരടങ്ങിയ സംഘം വാവർ നടയ്ക്ക് മുന്നിൽ നാമജപ പ്രതിഷേധമാരംഭിച്ചത്.

സ്പെഷ്യൽ ഓഫീസർ പ്രതീഷ് കുമാർ ഐ.പി.എസ് എത്തി പ്രത്യക സുരക്ഷാ മേഖലയിൽ പ്രതിഷേധ നാമജപം പാടില്ലെന്നും 144 പ്രഖ്യാപിച്ചിരിക്കുന്നിടത്ത് കുട്ടംകൂടി നിൽക്കരുതെന്നും അറിയിച്ചു. ഇവരെ മാളികപ്പുറത്തിന് സമീപമുള്ള ക്യൂ കോ oപ്ലക്സിലേക്ക് വിരിവെയ്ക്കാൻ കൂട്ടിക്കൊണ്ട് പോവുകയും ചെയ്തു. എന്നാൽ വൃത്തിഹീനവും വരികമ്പികളും നിറഞ്ഞ ഇടത്ത് എങ്ങനെ വിരിവെക്കും എന്നതിനെ ചൊല്ലിയായിരുന്നു പിന്നെ തർക്കം.

കാലാവസ്ഥയും പ്രതികൂലമായതോടെ കുറച്ച് സമയം കൂടി പ്രതിഷേധിച്ച് ശരണം മുഴക്കിയ ശേഷം ഭക്തർ പലയിടത്തായി പിരിഞ്ഞു.

SabarimalaProtestpolice restrictions
Comments (0)
Add Comment