കോലാഹലവുമായി ഇറങ്ങിയവരുടെ ലക്ഷ്യം മുതലെടുപ്പ് മാത്രം; സി.പി.ഐക്കെതിരെ സി.പി.എം മുഖപത്രം

തിരുവനന്തപുരം: മാവോയിസ്റ്റ് വേട്ട, യു.എ.പി.എ ചാര്‍ത്തിയുള്ള അറസ്റ്റ് വിഷയങ്ങളില്‍ ഇടതുമുന്നണി ഘടകക്ഷികളായ സി.പി.എം – സി.പി.ഐയും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക്. പോലീസിനെ വിമര്‍ശിച്ചുള്ള ജനയുഗം എഡിറ്റോറിയലിന് മറുപടിയുമായി ഇന്ന് സി.പി.എം മുഖപത്രം ദേശാഭിമാനി എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചു. മാവോയിസ്റ്റ് ഭീകരതെ നിസ്സാരവത്കരിച്ച് പോലീസിനെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമം ആര്‍ക്കാണ് ഗുണം ചെയ്യുകയെന്ന് ‘യു.എ.പി.എ ദുരുപയോഗം ചെയ്യരുത്’ എന്ന തലക്കെട്ടില്‍ ്പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ ദേശാഭിമാനി ചോദിക്കുന്നു. മാവോയിസ്റ്റ് വേട്ട, യു.എ.പി.എ വിഷയങ്ങളില്‍ കോലാഹലവുമായി ഇറങ്ങിയവരുടെ ലക്ഷ്യം മുതലെടുപ്പ് മാത്രമാണെന്ന് സി.പി.ഐയെ പേരെടുത്ത് പറയാതെ ദേശാഭിമാനി എഡിറ്റോറിയല്‍ കുറ്റപ്പെടുത്തുന്നു.
കഴിഞ്ഞദിവസം കേരള പോലീസിന്റെ നടപടികളെ വിമര്‍ശിച്ച് ജനയുഗം എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചിരുന്നു. അഗളിയില്‍ നടന്ന വ്യാജ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് പൊലീസ് യുഎപിഎ കേസുമായി രംഗത്തെത്തിയതെന്നായിരുന്നു സിപിഐ മുഖപത്രത്തിന്റെ വിമര്‍ശനം. മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്കും യുഎപിഎ കേസിനുമെതിരെ സിപിഐ നേതാക്കള്‍ പരസ്യമായി രംഗത്ത് വന്നതിന് പിന്നാലെയാണ് പാര്‍ട്ടി പത്രത്തില്‍ മുഖപ്രസംഗമെഴുതിയത്.

Comments (0)
Add Comment