ഡെന്നിസ് ജോസഫിന് അന്ത്യാഞ്ജലി ; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടന്നു

 

കോട്ടയം : അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫിന് കേരളത്തിന്‍റെ അന്ത്യാഞ്ജലി. ഏറ്റുമാനൂര്‍ ചെറുവാണ്ടൂര്‍ സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്‌കാര ചടങ്ങുകള്‍ നടന്നു. ഇന്നലെ രാത്രിയോടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ഡെന്നീസ് ജോസഫിന്‍റെ അന്ത്യം. വീട്ടില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അമ്മയ്ക്ക് വേണ്ടി നടന്‍ കലാഭവന്‍ പ്രജോദും ഫെഫ്കയ്ക്ക് വേണ്ടി സംഘടനാ പ്രതിനിധികളും ഏറ്റുമാനൂരിലെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി.എന്‍ വാസവന്‍, മോന്‍സ് ജോസഫ്, തോമസ് ചാഴിക്കാടന്‍ എം.പി, സുരേഷ് കുറുപ്പ്, പ്രൊഡ്യൂസര്‍ ജോയ് തോമസ് തുടങ്ങി രാഷ്ട്രീയ കലാ, സാംസ്‌കാരിക രംഗത്തെ നിരവധിപേര്‍ ഡെന്നിസ് ജോസഫിന് ആദരാഞ്ജലികളര്‍പ്പിച്ചു.

ഇനിയും നിരവധി സംഭാവനകള് കലാലോകത്തിന് നല്‍കാന്‍ ബാക്കിവെച്ച് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞെങ്കിലും തിരക്കഥയുടെ തിളക്കത്തിലൂടെയും ഹൃദ്യമായ ചലച്ചിത്ര സൃഷ്ടിയിലൂടെയും മലയാളനാട് ഡെന്നീസ് ജോസഫിനെ എന്നും ഓര്‍മിക്കും.

Comments (0)
Add Comment