സംസ്ഥാനത്ത് ഡെങ്കിപ്പനി രൂക്ഷം; ഇന്നലെ മാത്രം വിവധ പനി ബാധിച്ച് 10060 പേര്‍ ചികിത്സ തേടി; ജാഗ്രത

Jaihind Webdesk
Wednesday, June 14, 2023

തിരുവനന്തപുരം: മഴക്കാലം തുടങ്ങിയതോടെ സംസ്ഥാനത്ത് സംസ്ഥാനത്ത് ഡെങ്കിപ്പനി രൂക്ഷം. രണ്ടാഴ്ചയ്ക്കിടെ ഒരു ലക്ഷം പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. 14 പേർ വിവിധ പനികൾ ബാധിച്ചു മരിച്ചു. പനി നിസാരമായി കാണരുതെന്ന് ആരോഗ്യവകുപ്പിന്‍റെ മുന്നറിയിപ്പ്. എറണാകുളം ജില്ലയിലാണ് കൂടുതലായും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത്. വെസ്റ്റ് നെയിൽ പനി ബാധിച്ച് കൊച്ചിയിൽ ഒരാൾ മരിച്ചതായി സംശയമുണ്ട്. കുമ്പളങ്ങി സ്വദേശിയായ 65 കാരനാണ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഡെങ്കിപ്പനിക്ക് പുറമെ മഴക്കാലം വന്നതോടെ വിവിധ പനികളും സംസ്ഥാനത്ത് പടരുകയാണ്. ഇന്നലെ മാത്രമായി പനിബാധിച്ച് സംസ്ഥാനത്ത് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയത് 10060 പേരാണ്. ഇതില്‍ 63 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 98655 പേരാണ് സാധാരണ പനിക്ക് മാത്രമായി ഈ മാസം ചികിത്സ തേടിയത്.

അതേസമയം 148 പേർ ഡെങ്കിപ്പനി സംശയിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. ഡെങ്കിപ്പനിയും എലിപ്പനിയും ആണ് കൂടുതൽ അപകടകാരികൾ. 13 ദിവസത്തിനിടെ 586 പേര്‍ക്ക് രോഗം ബാധിക്കുകയും 1783 പേര്‍ രോഗലക്ഷണങ്ങളുമായി ചികില്‍സയിലുമാണ്. എലിപ്പനി ബാധിച്ച ഒരാൾ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു വർഷത്തിനിടെ 25 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇത്തരത്തിൽ പനികൾ വർധിക്കുന്നതോടെ കൊതുകിന്‍റെ ഉറവിടം നശിപ്പിക്കുകയും , രോഗം വന്നവർ സ്വയം ചികിത്സ നടത്തരുതെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.