ചരിത്രം കുറിച്ച് കെഎസ്‌യു; ഡെൽന തോമസ് യൂണിവേഴ്സിറ്റി കോളേജ് ആർട്സ് ക്ലബ് സെക്രട്ടറി

 

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ചരിത്രം കുറിച്ച് കെഎസ് യു.  ആർട്സ് ക്ലബ് സെക്രട്ടറിയായി കെഎസ് യുവിന്‍റെ ഡെൽന തോമസ് എതിരില്ലാതെ  തെരഞ്ഞെടുക്കപ്പെട്ടു. 37 വർഷത്തെ എസ് എഫ് ഐ ഏകാധിപത്യത്തിന് കനത്ത തിരിച്ചടി നല്‍കിയാണ് കെഎസ് യുവിന്‍റെ നേട്ടം.

37 വർഷത്തിന് ശേഷമാണ് യൂണിവേഴ്സിറ്റി കോളേജിൽ കെഎസ് യു മിന്നുന്ന വിജയം സ്വന്തമാക്കിയത്.യൂണിവേഴ്സിറ്റി കോളേജിലെ ആർട്സ് ക്ലബ്‌ സെക്രട്ടറിയായി കെഎസ് യു സ്ഥാനാർത്ഥി ഡെൽന തോമസ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം വർഷ എംഎ വിദ്യാർഥിനിയാണ് ഡെൽന. വർഷങ്ങൾക്കു ശേഷം ലഭിച്ച വിജയത്തിന്റെ ആവേശത്തിലാണ് കോളേജിലെ കെഎസ്‌യു പ്രവർത്തകർ.

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിനെ തുടർന്ന് എസ്എഫ്ഐയുടെ ആർട്സ് ക്ലബ് സ്ഥാനാർഥിത്വം കഴിഞ്ഞദിവസം നഷ്ടമായിരുന്നു. ഇതിനെ തുടർന്ന് സംഘർഷവും ഉണ്ടായി. കോളേജ് വെള്ളിയാഴ്ച വരെ അടയ്ക്കുകയും കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് അനിശ്ചിതമായി മാറ്റുകയും ചെയ്തു.

അതേസമയം സ്ഥാനാർഥിത്വം നഷ്ടമായതോടെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റിവെക്കുന്നതിനായി എസ്എഫ്ഐ പ്രവർത്തകർ കോളേജിൽ സംഘർഷാവസ്ഥ സൃഷ്ടിക്കാൻ ശ്രമിച്ചതായി കഴിഞ്ഞദിവസം കെഎസ്‌യു പ്രവർത്തകർ ആരോപിച്ചിരുന്നു.

Comments (0)
Add Comment