ന്യൂഡല്‍ഹി: വായുമലിനീകരണത്തില്‍ ശ്വാസം മുട്ടുന്ന രാജ്യതലസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താന്‍ തീരുമാനം. ദീപാവലിക്ക് ശേഷം വായുമലിനീകരണം ഉയരാന്‍ സാധ്യതയുള്ള പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് ഒറ്റ-ഇരട്ട അക്ക നിയന്ത്രണം കൊണ്ടുവരും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം.
നവംബര്‍ 13 മുതല്‍ നവംബര്‍ 20 വരെയാണ് നിയന്ത്രണം പ്രാബല്യത്തില്‍ വരുന്നതോടെ ഒന്നിടവിട്ട ദിവസങ്ങളിലാകും വാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങാനാകുക. നിയന്ത്രണം നിലവില്‍ വരുന്നതോടെ ഒറ്റയക്കത്തില്‍ അവസാനിക്കുന്ന രജിസ്‌ട്രേഷന്‍ നമ്പറുള്ള സ്വകാര്യ വാഹനങ്ങള്‍ക്ക് ഒറ്റയക്കം വരുന്ന തീയതികളിലും ഇരട്ടയക്കത്തില്‍ അവസാനിക്കുന്ന രജിസ്‌ട്രേഷനുള്ള വാഹനങ്ങള്‍ക്ക് കലണ്ടറിലെ ഇരട്ടയക്ക തീയതികളിലും മാത്രമേ നിരത്തിലിറങ്ങാനാകൂ. അവശ്യ സാധനങ്ങളുമായെത്തുന്ന വാഹനങ്ങളൊഴികെ നിരത്തിലിറങ്ങുന്നതിനും നിയന്ത്രണമുണ്ട്. ഒറ്റയക്ക-ഇരട്ടയക്ക നിയന്ത്രണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട യോഗം ചൊവ്വാഴ്ച ചേരും.
വായുമലിനീകരണം പാരമ്യത്തിലെത്തിയതോടെ പകൽ സമയങ്ങളിൽ പോലും കാഴ്ച മറയുന്ന സാഹചര്യമാണ് നിലവില്‍ ഡല്‍ഹിയിലുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ ശരാശരി വായുഗുണനിലവാര സൂചിക 450 ആയിരുന്നുവെങ്കിൽ ഇന്ന് രാവിലെ അത് 480 കടന്നു. വായുഗുണനിലവാര സൂചിക 100 കടന്നാല്‍ പോലും അപകടരമാണ്. ഗുരുതര സാഹചര്യം കണക്കിലെടുത്ത് പ്രൈമറി സ്കൂളുകള്‍ നവംബർ 10 വരെ പ്രവർത്തിക്കില്ല. ആറു മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമെങ്കില്‍ റെഗുലര്‍ ക്ലാസുകള്‍ക്ക് പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താം. ദീപാവലി കൂടെ കഴിയുന്നതോടെ സ്ഥിതി ഗുരുതരമാകുമെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്.