ഡല്‍ഹി സ്‌ഫോടനം: കൊച്ചിയിലും കനത്ത സുരക്ഷ; പോലീസിന് ജാഗ്രതാനിര്‍ദ്ദേശം

Jaihind News Bureau
Tuesday, November 11, 2025

ഡല്‍ഹിയിലുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ നിരീക്ഷണം ശക്തമാക്കി. ഇന്നലെ രാത്രി 9ഓടെയാണ് പൊലീസിന് ജാഗ്രതാനിര്‍ദ്ദേശം ലഭിച്ചത്. റെയില്‍വേ സ്റ്റേഷന്‍ മെട്രോ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്റുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് പരിശോധന. റെയില്‍വേ പ്ലാറ്റ്‌ഫോമുകളില്‍ ആര്‍.പി.എഫും ജി.ആര്‍.പിയും നിരീക്ഷണം നടത്തുന്നുണ്ട്. തന്ത്രപ്രധാനമേഖലകളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി.

ഡല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചി നഗരത്തിലും സുരക്ഷ ശക്തമാക്കി. റെയില്‍വേ സ്റ്റേഷനുകള്‍ മെട്രോ സ്റ്റേഷനുകള്‍ ബസ്സ്റ്റാന്റുകള്‍ ഷോപ്പിംഗ് മാളുകള്‍ ആരാധനാലയങ്ങള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന പുരോഗമിക്കുന്നത്. ഇന്നലെ രാത്രി മുതല്‍ എറണാകുളം നോര്‍ത്ത്- സൗത്ത് റെയില്‍വേ സ്റ്റേഷനുകളില്‍ റെയില്‍വേ സുരക്ഷാസേനയുടെയും ഡോഗ് സ്‌കോഡിന്റെയും നേതൃത്വത്തില്‍ വ്യാപക പരിശോധനയാണ് നടക്കുന്നത്. ഭീകരവാദികളുടെ ഒളിത്താവളമായി കേരളം മാറുന്നതിന്റെ പശ്ചാത്തലത്തിലും വ്യവസായിക തലസ്ഥാനമായ എറണാകുളത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും കൂടി വേണ്ടിയാണ് ജനങ്ങള്‍ കേന്ദ്രീകരിക്കുന്ന സ്ഥലങ്ങളില്‍ വ്യാപകമായി പരിശോധന നടത്തുന്നത്.

കൊച്ചി മെട്രോയിലും സുരക്ഷ സംവിധാനങ്ങള്‍ ഇന്നലെ രാത്രി മുതല്‍ കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്. നഗരത്തില്‍ ആളുകള്‍ കൂടുന്ന പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചും പൊലീസിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ നടക്കുന്നുണ്ട്. ബോംബ് സ്‌ക്വഡ്, ഡോഗ് സ്‌ക്വഡ്, ഡിആര്‍എഫ്, പൊലീസ് എന്നിവരുടെ നേതൃത്വത്തില്‍ സംയുക്തമായാണ് പരിശോധന പുരോഗമിക്കുന്നത്. തന്ത്രപ്രധാനമേഖലകളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി.