ദേലംപാടി പഞ്ചായത്തിലെ മലയോര മേഖലയില്‍ കാട്ടാന ശല്ല്യം രൂക്ഷം; കർഷകർ ആശങ്കയിൽ


കാട്ടാന ശല്ല്യം മൂലം കാസർകോട് ജില്ലയിലെ മലയോര മേഖലയിലെ കർഷകർ ആശങ്കയിൽ. ദേലംപാടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലാണ് കാട്ടാന നാട്ടിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നത്

മലയോര പ്രദേശങ്ങളായ ദേലംപാടി പഞ്ചായത്തിലെ പാണ്ടി ബളവന്തടുക്ക കൊറ്റുമ്പ നെല്ലിത്തട്ട് പള്ളഞ്ചി തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടാന നാട്ടിലിറങ്ങി വ്യാപകമായി കാർഷിക വിളകൾ നശിപ്പിക്കുന്നു.
കർഷകർ വനം വകുപ്പിനെ വിവരങ്ങൾ അറിയിക്കുമ്പോൾ അവർ വന്ന് ആനകളെ പടക്കമേറിഞ്ഞ് കാട്ടിലേക്ക് അയക്കും. എന്നാൽ ആനകള്‍ പിന്നെയും നാട്ടിലിറങ്ങി ക്യഷികൾ നശിപ്പിക്കും.

കഴിഞ്ഞ ദിവസം പള്ളഞ്ചിയിലെ നേരോടിയിൽ ഇറങ്ങിയ ആനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. തെങ്ങ്, വാഴ, കവുങ്ങ് തുടങ്ങിയ വിളകളാണ് ആനക്കൂട്ടം കൂടുതലായി നശിപ്പിക്കുന്നത്. കർഷകർ വർഷങ്ങളായി അധ്വാനിച്ചുണ്ടാക്കിയ കാർഷിക വിളകൾ നശിപ്പിക്കുമ്പോൾ ശാശ്വതമായ പരിഹാരം കാണാൻ വനംവകുപ്പിനും സർക്കാരിനും കഴിയുന്നില്ല

ഒരു കുട്ടി ഉള്‍പ്പെടെ ഏഴ് ആനകളുള്ള സംഘമാണ് മാസങ്ങളോളമായി കർഷകരുടെ ഉറക്കം കെടുത്തുന്നത്. ഇതിനൊരു പരിഹാരം എത്രയും പെട്ടന്ന് സർക്കാരിന്‍റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം

Comments (0)
Add Comment