തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയില്‍ തിരിച്ചടി; മോദിക്കും ഷായ്ക്കും എതിരായ കോണ്‍ഗ്രസിന്‍റെ പരാതികളില്‍ തിങ്കളാഴ്ചയ്ക്കകം തീരുമാനം അറിയിക്കണം

Jaihind Webdesk
Thursday, May 2, 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും എതിരായ കോണ്‍ഗ്രസിന്‍റെ പരാതികളില്‍ തിങ്കളാഴ്ചയ്ക്കകം തീരുമാനം അറിയിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി. 11 പരാതികളാണ് മോദിക്കും അമിത് ഷായ്ക്കും എതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനം ആരോപിച്ച് കോണ്‍ഗ്രസ് നല്‍കിയിരുന്നത്. ഇതില്‍ രണ്ട് പരാതികളില്‍ മാത്രമാണ് തീരുമാനം എടുത്തത്. ബാക്കിയുള്ള പരാതികളില്‍ തിങ്കളാഴ്ചയ്ക്കകം തീരുമാനം എടുക്കണെന്ന കര്‍ശന നിര്‍ദേശമാണ് സുപ്രീം കോടതി നല്‍കിയിരിക്കുന്നത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കോണ്‍ഗ്രസ് എം.പി സുഷ്മിതാ ദേവാണ് മോദിയുടെയും ഷായുടെയും പെരുമാറ്റച്ചട്ടലംഘനത്തിനെതിരെ കമ്മീഷന് പരാതി നല്‍കിയത്. 11 പരാതികളില്‍ രണ്ട് പരാതികളില്‍ മാത്രമാണ് ഇതുവരെ തീരുമാനം ഉണ്ടായിട്ടുള്ളതെന്ന് കോണ്‍ഗ്രസിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്‌വി സുപ്രീം കോടതിയെ അറിയിച്ചു. തുടര്‍ന്ന് മെയ് 6 ന് മുമ്പ് പരാതികളില്‍ തീരുമാനം അറിയിക്കണമെന്ന് കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കി.

നേരത്തെ സൈനികരുടെ പേരില്‍ വോട്ട് അഭ്യര്‍ത്ഥിച്ച പ്രധാനമന്ത്രിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. അതേസമയം രാഹുല്‍ ഗാന്ധിക്ക് ചട്ടലംഘനത്തിന് നോട്ടീസ് അയക്കുകയും ചെയ്തു. കമ്മീഷന്‍റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്ന നടപടിയാണ് ഇതിലൂടെ കാണാനായത്. കോണ്‍ഗ്രസ് പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും എതിരെ നല്‍കിയ പരാതി നേരത്തെ കമ്മീഷന്‍റെ സൈറ്റില്‍ നിന്ന് കാണാതായതും വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. എന്തായാലും ബാക്കിയുള്ള പരാതികളില്‍ തിങ്കളാഴ്ചയ്ക്കകം തീരുമാനം എടുക്കണമെന്ന് സുപ്രീം കോടതി കര്‍ശന നിര്‍ദേശം നല്‍കിയത് കമ്മീഷന് തിരിച്ചടിയായിരിക്കുകയാണ്.