മൂന്നര വയസുകാരിയുടെ മരണം: പ്രതിയുമായി ഇന്ന് തെളിവെടുപ്പ് നടത്തും

Jaihind News Bureau
Sunday, May 25, 2025

എറണാകുളത്ത് മൂന്നര വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ കുഞ്ഞിനെ പീഡിപ്പിച്ച പ്രതിയുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ് പ്രതിയെ കോടതി വിട്ടു നല്‍കിയത്. കുഞ്ഞിനെ പീഡനത്തിനിരയാക്കിയെന്ന് പ്രതി കുറ്റം സമ്മതിച്ചു. കൊല്ലപ്പെട്ട കല്യാണിയുടെ അമ്മ സന്ധ്യയെയും കുഞ്ഞിന്റെ അച്ഛന്റെ അടുത്ത ബന്ധു കൂടിയായ പ്രതിയെയും ഒന്നിച്ചിരുത്തി പോലീസ് ചോദ്യം ചെയ്യും.

പ്രതി കുഞ്ഞിനെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും മരിക്കുന്നതിന് തലേ ദിവസം പോലും കുഞ്ഞിനെ പീഡനത്തിനിരയാക്കിയെന്നുമുള്ള ഞെട്ടിക്കുന്നപോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടാണ് പുറത്തു വന്നത്. കുഞ്ഞിന്റെ സംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞ് വൈകുന്നേരം തന്നെ പോലീസ് അടുത്ത ബന്ധുക്കളെ എല്ലാം ചോദ്യം ചെയ്തിരുന്നു. എല്ലാവരുടെയും മൊഴി പ്രതിയിലേക്ക് നീളുന്നതായിരുന്നു. സമ്മതിക്കുകയല്ലാതെ പ്രതിക്ക് വേറെ വഴിയുണ്ടായിരുന്നില്ല. എന്നാല്‍ അമ്മ കുഞ്ഞിനെ പുഴയിലെറിഞ്ഞു കൊല്ലാന്‍ മാത്രം എന്തായിരുന്നു കാരണമെന്നത് ഇപ്പോഴും അവ്യക്തയാണ്. പീഡന വിവരം പോലും അമ്മയായ സന്ധ്യ അറിഞ്ഞില്ല എന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. മാതാപിതാക്കളുടെ സ്‌നേഹവും വാല്‍സല്യവും ലഭിക്കാതിരുന്ന കുഞ്ഞിനെ സദാസമയവും ബന്ധുക്കളാണ് നോക്കിയിരുന്നത്. ഇത് മുതലെടുത്താണ് പ്രതി കുഞ്ഞിനെ പീഡനത്തിനിരയാക്കിയത്.