അനുദിനം വഷളാവുന്ന രാജ്യത്തിന്റെ ധനസ്ഥിതിയില്‍ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുന്‍ കേന്ദ്ര മന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. രാജ്യത്തിന്റെ ധനസ്ഥിതി ഏറ്റവും അപകടകരമായ നിലയിലേക്കാണ് പോകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പണപ്പെരുപ്പം അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയര്‍ച്ചയിലെത്തിയതിന് പിന്നാലെയായിരുന്നു പി ചിദംബരത്തിന്റെ പ്രതികരണം.
‘അനുദിനം ഇടിയുന്ന സാമ്പത്തികരംഗം രാജ്യത്തിന് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. തൊഴിലില്ലായ്മ ഇനിയും വർധിച്ചാല്‍ രാജ്യത്തെ യുവജനങ്ങളും വിദ്യാർത്ഥികളും രോഷം കൊണ്ട് പൊട്ടിത്തെറിക്കും’ – പി ചിദംബരം പറഞ്ഞു.
കത്തിക്കയറുന്ന വിലക്കയറ്റത്തില്‍ ജനജീവിതം ദുസഹമായിക്കുകയാണ്. ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം 14.12 ശതമാനത്തിലെത്തി നില്ക്കുന്നു. പച്ചക്കറി വില 60 ശതമാനത്തിലേറെ വർധിച്ചു. ഉള്ളിവില കിലോയ്ക്ക് 100 രൂപയിലധികമാണ്. മോദി സർക്കാര്‍ വാഗ്ദാനം ചെയ്ത അച്ഛേ ദിന് ഇതാണോ എന്നും ചിദംബരം പരിഹസിച്ചു. രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രക്ഷോഭമാണ് അരങ്ങേറുന്നത്. തൊഴിലില്ലായ്മ ഇനിയും വർധിച്ചാല്‍ യുവജനങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയും പ്രതിഷേധം രൂക്ഷമായിരിക്കുമെന്നും പി ചിദംബരം ഓർമപ്പെടുത്തി.
പണപ്പെരുപ്പം 5.54 ശതമാനത്തില്‍ നിന്ന് 7.35 ശതമാനത്തിലേക്ക് കുത്തനെ ഉയർന്നതിന് പിന്നാലെയായിരുന്നു പി ചിദംബരത്തിന്റെ പ്രതികരണം. പണപ്പെരുപ്പം അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണുള്ളത്. നവംബറിലുണ്ടായിരുന്ന 5.54 ശതമാനത്തില്‍ നിന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉയര്‍ന്ന പരിധി ലക്ഷ്യവും മറികടന്ന് 7.35 ലേക്കെത്തിയത്. 2014 ജൂലൈക്ക് ശേഷമുണ്ടായ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണിത്.
Food inflation stands at 14.12%. Vegetable prices are up 60%. Onion prices are over Rs 100 per kg. This is the achhe din promised by the BJP.
— P. Chidambaram (@PChidambaram_IN) January 14, 2020