കൊച്ചി: ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് കലൂര്‍ സ്റ്റേഡിയത്തിലെ നടന്ന നൃത്ത പരിപാടിക്കെതിരെ വിജിലന്‍സില്‍ പരാതി. നൃത്ത പരിപാടിയെ കുറിച്ച് കൊച്ചി സ്വദേശിയാണ് വിജിലന്‍സില്‍ പരാതി നല്‍കിയത്.
കായിക ഇതര ആവശ്യത്തിന് സ്റ്റേഡിയം വിട്ടു നല്‍കിയത് വഴിവിട്ട നീക്കത്തിലൂടെയാണെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് പരിപാടി നടത്താന്‍ മൃദംഗവിഷന്‍ 23.8.2024 നാണ് അപേക്ഷ നല്‍കുന്നത്. അപേക്ഷ പരിഗണിക്കാനാകില്ലെന്ന് എസ്റ്റേറ്റ് ഓഫീസര്‍ ഫയലില്‍ രേഖപ്പെടുത്തി. ഫിഫ നിലവാരത്തില്‍ സ്റ്റേഡിയം നിലനിര്‍ത്തേണ്ടതിനാല്‍ നൃത്തപരിപാടിക്ക് നല്‍കാനാകില്ലെന്നായിരുന്നു ഫയലില്‍ മറുപടി നല്‍കിയത്. ഇത് മറികടന്ന് ചെയര്‍മാന്റെ ആവശ്യപ്രകാരം സ്റ്റേഡിയം അനുവദിച്ചതെന്ന് രേഖകളില്‍ വ്യക്തമാണ്. ജനപ്രതിനിധികളടങ്ങുന്ന ജനറല്‍ കൗണ്‍സിലാണ് സ്റ്റേഡിയം വിട്ട് നല്‍കുന്നതിന് അംഗീകാരം നല്‍കേണ്ടത്.
എന്നാല്‍ ഇത് മറികടന്ന് ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ള വഴിവിട്ട് അനുമതി നല്‍കുകയായിരുന്നു. വാടക നിശ്ചയിച്ചതും ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ളയാണ്. ഇതില്‍ സാമ്പത്തിക അഴിമതിയുണ്ടെന്നാണ് പരാതി.