വിളിച്ചുവരുത്തിയ പ്രളയത്തില്‍ ഒലിച്ചുപോയത് നിരവധി ജീവിതങ്ങള്‍

Jaihind Webdesk
Sunday, November 25, 2018

സംസ്ഥാനത്തെ വൻ ജലപ്രളയത്തിന് കാരണമാക്കിയ മുല്ലപ്പെരിയാർ ജലം തുറന്ന് വിട്ടതിലൂടെ നഷ്ടമായത് പെരിയാർ തീരങ്ങളിലെ സാധാരണക്കാരായ ആളുകളുടെ സ്വത്തും സമ്പാദ്യവുമാണ്. സർവതും നഷ്ടമായവർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായവും ആനുകൂല്യങ്ങളും നാളിതുവരെയായും ലഭിച്ചിട്ടില്ല.

കഴിഞ്ഞ ആഗസ്റ്റ് 15 ന് കേരളം പ്രളയത്തിൽ മുങ്ങിയതിന് പിന്നാലെയാണ് യാതൊരു മുന്നറിയിപ്പും കൂടാതെ മുല്ലപ്പെരിയാറിൽ നിന്നും പെരിയാർ നദിയിലേക്ക് ജലം തുറന്ന് വിട്ടത്. ഈ ജലപ്രളയം പെരിയാർ തീരങ്ങളിൽ വൻതോതിലാണ് നാശം വിതച്ചത്. തോട്ടം തൊഴിലാളികളായ നൂറുകണക്കിന് ആളുകളുടെ വീടും സമ്പാദ്യങ്ങളുമെല്ലാം പ്രളയം കവർന്നു. ഉടുതുണി ഒഴികെ ഇവരുടെ ഒരു ആയുസിലെ സമ്പാദ്യങ്ങളെല്ലാം നഷ്ടമായി. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായം പ്രഖ്യാപനത്തിൽ ഒതുങ്ങിയതല്ലാതെ സർവതും നഷ്ടമായവർക്ക് ഒന്നുംതന്നെ ലഭിച്ചില്ല.

വീടും സമ്പാദ്യങ്ങളും നഷ്ടമായവർക്ക് താങ്ങും തണലുമായി എത്തിയത് വിവിധ സന്നദ്ധ സംഘടനകളാണ്. ഇവർകൂടി സഹായവുമായി എത്തിയില്ലായിരുന്നു എങ്കിൽ പെരിയാർ തീരം മറ്റൊരു ദുരന്തത്തിന് സാക്ഷിയാകുമായിരുന്നു. സർക്കാർ പ്രഖ്യാപിച്ച തുകകൈക്കലാക്കിയത് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നിരവധി അനർഹരാണെന്ന ആരോപണങ്ങൾ പെരിയാർ തീരങ്ങളിൽ നിലനിൽക്കുന്നു.