നാശം വിതച്ച് തിത്‌ലി ചുഴലിക്കാറ്റ്; രണ്ട് മരണം

Jaihind Webdesk
Thursday, October 11, 2018

ഒഡീഷയുടേയും ആന്ധ്രയുടേയും തീരങ്ങളിൽ കനത്ത നാശം വിതച്ച തിത്‌ലി ചുഴലിക്കാറ്റിൽ രണ്ടുപേർ മരിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട തിത്‌ലി ഒഡീഷ തീരത്താണ് ശക്തിപ്രാപിച്ചത്. ഒഡീഷയിലെ ഗഞ്ചം, ഗജപതി ജില്ലകളിലും ആന്ധ്രയിലെ ശ്രീകാകുളത്തുമാണ് ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചത്.

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട തിത്‌ലി, ഒഡീഷ തീരത്ത് കനത്ത നാശമാണ് വിതച്ചത്. മഴയിലും കാറ്റിലും മരങ്ങൾ കടപുഴകിവീണ് വൈദ്യുതി ടെലിഫോൺ ബന്ധങ്ങൾ വിഛേദിക്കപ്പെട്ടു. പലയിടങ്ങളിലും റോഡ് ഗതാഗതം താറുമാറായി. ആന്ധ്ര, ഒഡീഷ തീരപ്രദേശങ്ങളിലെ റയിൽ ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഗഞ്ചം, ഗജപതി, പുരി, ഖുർദ, ജഗദ്സിംഗ്പുർ എന്നിവിടങ്ങളിൽ ശക്തമായ മഴ തുടരുകയാണ്.

തീരദേശമേഖലകളിൽനിന്ന് മൂന്ന് ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. 836 ദുരിതാശ്വാസ ക്യാപുകളും സജ്ജമാണ്. മുന്നൂറോളം ബോട്ടുകൾ രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ട്. ഗഞ്ചം ജില്ലയിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായെന്ന് കലക്ടർ വ്യക്തമാക്കി. ചുഴലിക്കാറ്റിനെ തുടർന്ന് 14 എൻ.ഡി.ആർ.എഫ് സംഘങ്ങളെ ഒറീസയുടെ ദുരന്ത ബാധിത ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്.

അടുത്ത 18 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കുന്ന ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ഒറീസ, ആന്ധ്ര തീരപ്രദേശത്തെത്തും. ഇതിനുശേഷം പശ്ചിമ ബംഗാളിലേക്ക് കാറ്റെത്തുമെന്നുമാണ് ഇപ്പോഴത്തെ നിഗമനം. ഒറീസയിലെ ദുരിതബാധിത ജില്ലയിൽ വ്യാഴാഴ്ച വരെ കനത്ത മഴ തുടരുമെന്നും അറിയിപ്പുണ്ട്.

https://www.youtube.com/watch?v=oadmyV7hBnI