കുസാറ്റ് അപകടം; റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ ദുരൂഹത, ആരോപണവിധേയരെ സംരക്ഷിക്കാന്‍ നീക്കം

Tuesday, December 26, 2023


കുസാറ്റില്‍ നാലുപേരുടെ മരണത്തിനിടയാക്കിയ അപകടം നടന്ന് ഒരു മാസം പിന്നിട്ടിട്ടും അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ ദുരൂഹതയെന്ന് ആരോപണം. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനായിരുന്നു സിന്‍ഡിക്കേറ്റ് ഉപസമിതിയെ ചുമതലപ്പെടുത്തിയിരുന്നത്. വീഴ്ച വരുത്തിയവരെ സംരക്ഷിക്കാനായാണ് റിപ്പോര്‍ട്ട് വൈകിപ്പിക്കുന്നതെന്നാണ് ആരോപണം. നാല് സംഘങ്ങളാണ് കുസാറ്റില്‍ ടെക്‌ഫെസ്റ്റിനിടെ നാലുപേരുടെ മരണത്തിനിടയാക്കിയ അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നത്. ഇതില്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ അന്വേഷണത്തിന് എതിരെയാണ് പ്രധാനമായും ആരോപണം ഉയരുന്നത്. നവംബര്‍ 25ന് നടന്ന അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ 27ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗമാണ് പുതിയ ഉപസമിതിയെ നിയോഗിച്ചത്. ഡിസംബര്‍ ഒന്നിന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ അപകടം നടന്ന് മാസമൊന്ന് പിന്നിട്ടിട്ടും റിപ്പോര്‍ട്ട് സിന്‍ഡിക്കേറ്റിന് മുന്നില്‍ എത്തിയിട്ടില്ല. പൊലീസ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച സമിതി, സബ് കലക്ടറുടെ മേല്‍നോട്ടത്തിലുള്ള സമിതി എന്നിവരും ഇരുവരെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. നാല് അന്വേഷണ സംഘങ്ങളും മൊഴിയെടുക്കലും, തെളിവു ശേഖരണവുമടക്കം പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നിട്ടും തുടര്‍നടപടിയില്ലാത്തതില്‍ ദുരൂഹത ഉണ്ടെന്നാണ് സര്‍വകലാശാലയിലെ ഒരു വിഭാഗം ജീവനക്കാര്‍ ആരോപിക്കുന്നത്. നാളെ ചേരുന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഉപസമിതി റിപ്പോര്‍ട്ട് എത്തും എന്നാണ് സര്‍വകലാശാലയില്‍ നിന്നും ലഭിക്കുന്ന വിവരം. അപകടത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ആരോപണവിധേയരെ സംരക്ഷിക്കാന്‍ നീക്കം ഉണ്ടായാല്‍ ഈ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കാനാണ് ജീവനക്കാരുടെ തീരുമാനം.