‘കരുവന്നൂരിലേത് കേരളം കണ്ട വലിയ തട്ടിപ്പ്, സിബിഐ അന്വേഷണം വേണം’; നിലവിലെ അന്വേഷണം പ്രഹസനമെന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Saturday, July 24, 2021

മലപ്പുറം : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ അന്വേഷണം വെറും പ്രഹസനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേരളം കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പുകളിലൊന്നാണിതെന്നും സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിപിഎം ഭരിക്കുന്ന ബാങ്കിലെ തട്ടിപ്പ് അറിഞ്ഞിട്ടും അത് മൂന്ന് വർഷത്തോളം മറച്ചുവെച്ചു. വാർത്ത പുറത്തുവന്നതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. വകുപ്പുതല അന്വേഷണത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് ശുപാർശ ചെയ്‌തിരുന്നു. എന്നാൽ ആ റിപ്പോർട്ട് പൂഴ്‌ത്തുകയാണ് ചെയ്തതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

കരുവന്നൂര്‍ സഹകരണബാങ്കില്‍ 350 കോടിയുടെയെങ്കിലും തട്ടിപ്പ് നടന്നു. സിപിഎമ്മിന്‍റെ ജില്ലാ-സംസ്ഥാന നേതൃത്വങ്ങൾ ഇതേക്കുറിച്ച് അറിഞ്ഞ് അന്വേഷിച്ച ശേഷവും നൂറ് കോടിയുടെ തട്ടിപ്പ് ബാങ്കിൽ നടന്നെന്നും പക്ഷെ അതിന് ശേഷവും പാർട്ടി ഇത് പൊലീസിൽ അറിയിച്ചില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.