അന്‍വർ എംഎല്‍എക്കെതിരായ ക്രഷർ തട്ടിപ്പ് കേസ്; 13ന് സമ്പൂര്‍ണ കേസ് ഡയറി ഹാജരാക്കാന്‍ ഉത്തരവ്

 

മലപ്പുറം : പിവി അൻവർ എംഎൽഎ അരക്കോടി രൂപ തട്ടിയ കേസിൽ ക്രൈം ബ്രാഞ്ചിനോട്‌ ഒക്ടോബർ 13ന് സമ്പൂര്‍ണ്ണ കേസ് ഡയറി ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. മഞ്ചേരി സിജെഎം  കോടതിയുടേതാണ് ഉത്തരവ്.  കേസില്‍ പിവി അന്‍വര്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യാത്തതെന്തെന്ന ചോദ്യം പരാതിക്കാരൻ ഉന്നയിച്ച പശ്ചാത്തലത്തിൽ ആണ് കോടതി ഉത്തവരവ്.

കര്‍ണാടകയില്‍ ക്രഷര്‍ ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പ്രവാസി എന്‍ജിനീയറുടെ 50 ലക്ഷം തട്ടിയ കേസില്‍ പിവി അന്‍വര്‍ എംഎല്‍എ വഞ്ചന നടത്തിയതായി ക്രൈം ബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് ക്രൈം ബ്രാഞ്ച് എംഎല്‍എയെ അറസ്റ്റ് ചെയ്യാത്തതെന്ന് പരാതിക്കാരനായ നടുത്തൊടി സലീമിന്‍റെ അഭിഭാഷകൻ ചോദ്യമുയര്‍ത്തി. ഇതോടെയാണ് 13ന് സമ്പൂര്‍ണ്ണ കേസ് ഡയറി ഹാജരാക്കാന്‍ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ്. രശ്മി ക്രൈം ബ്രാഞ്ചിന് ഉത്തരവ് നല്‍കിയത്. കോടതി നിര്‍ദ്ദേശിച്ചപ്രകാരം ക്രൈം ബ്രാഞ്ച് കേസ് ഡയറി ഹാജരാക്കിയില്ലെന്നും മുമ്പ് മഞ്ചേരി പോലീസ് നടത്തിയ അന്വേഷണത്തിന്‍റെ കേസ് ഡയറി മാത്രമാണ് ഹാജരാക്കിയതെന്നും പരാതിക്കാരന്‍ കോടതിയെ അറിയിച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരം 2018 ഡിസംബര്‍ 13മുതല്‍ അന്വേഷണം ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് രണ്ടു വര്‍ഷമായി നടത്തിയ അന്വേഷണത്തിന്‍റെ കേസ് ഡയറി  സമര്‍പ്പിച്ചിട്ടില്ല.

ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ മംഗലാപുരത്തെ തുര്‍ക്കളിഗെ സ്റ്റോണ്‍ ക്രഷര്‍ എന്ന സ്ഥാപനത്തിന്‍റെ പേരാണ് പറയുന്നത്. എന്നാല്‍ പിവി അന്‍വര്‍ കെഇ സ്‌റ്റോണ്‍ ക്രഷര്‍ എന്ന സ്ഥാപനത്തിന്‍റെ പേരിലാണ് 50 ലക്ഷം വാങ്ങി നടുത്തൊടി സലീമുമായി കരാര്‍ ഉണ്ടാക്കിയത്. ഈ സ്ഥാപനത്തെക്കുറിച്ച് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ മൗനം പാലിക്കുകയാണ്. അന്വേഷണം അട്ടിമറിച്ച് ക്രൈം ബ്രാഞ്ച് പിവി അന്‍വര്‍ എംഎല്‍എയെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും വ്യക്തമാക്കി. ഇതോടെയാണ് സമ്പൂര്‍ണ്ണ കേസ് ഡയറി ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്. ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ക്രൈം ബ്രാഞ്ച് മലപ്പുറം ഡിവൈഎസ്പി പി. വിക്രമന്‍ കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ പി.വി അന്‍വര്‍ എംഎല്‍എ പ്രഥമദൃഷ്ട്യാ വഞ്ചന നടത്തിയതായി വ്യക്തമാക്കിയിരുന്നു.

Comments (0)
Add Comment