
നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനായ ശേഷം കോടതി മുറ്റത്ത് മാധ്യമങ്ങളോട് പ്രതികരിച്ച് നടന്‍ ദിലീപ്. പോലീസിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് അദ്ദേഹം മറുപടി നല്‍കിയത്. കേസില്‍ നടന്ന യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നു്. ഒരു മേല്‍ ഉദ്യോഗസ്ഥനും ക്രിമിനല്‍ പോലീസ് സംഘവും ചേര്‍ന്നാണ് ഈ ഗൂഢാലോചന നടത്തിയതെന്നും, ജയിലിലെ പ്രതികളെ കൂട്ടുപിടിച്ച് പോലീസ് സംഘം തനിക്കെതിരെ കള്ളക്കഥ മെനയുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.
കേസില്‍ ക്രിമിനല്‍ ഗൂഢാലോചന ഉണ്ടെന്നും അന്വേഷിക്കണമെന്നും മഞ്ജു വാര്യര്‍ പറഞ്ഞിടത്തു നിന്നാണ് തനിക്കെതിരെ ഗൂഢാലോചന ആരംഭിച്ചതെന്ന് ദിലീപ് പേരെടുത്ത് പറഞ്ഞുകൊണ്ട് വ്യക്തമാക്കി. മുഖ്യപ്രതിയെയും അയാളുടെ ജയിലിലെ കൂട്ടാളികളെയും ചേര്‍ത്ത് പിടിച്ച് പോലീസ് സംഘം ഉണ്ടാക്കിയ കള്ളക്കഥ കോടതിയില്‍ തകര്‍ന്നു വീഴുകയായിരുന്നു. തന്നെ പ്രതിയാക്കാന്‍ വേണ്ടിയും തന്റെ ജീവിതവും കരിയറും നശിപ്പിക്കാന്‍ വേണ്ടിയുമാണ് ഇതൊക്കെ ചെയ്തതെന്നും വികാരാധീനനായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഈ പ്രതിസന്ധി ഘട്ടത്തില്‍ തന്നെ പിന്തുണച്ചവര്‍ക്കും, കോടതി മുറിക്കുള്ളില്‍ തനിക്കുവേണ്ടി വാദിച്ച അഭിഭാഷകര്‍ക്കും ദിലീപ് നന്ദി അറിയിച്ചുകൊണ്ടാണ് തന്റെ പ്രതികരണം അവസാനിപ്പിച്ചത്.