പോലീസ് പോസ്റ്റല്‍ വോട്ടില്‍ ക്രമക്കേടെന്ന് സംശയമെന്ന് ക്രൈംബ്രാഞ്ച് ഐ.ജിയുടെ റിപ്പോര്‍ട്ട് : കൂടുതല്‍ രേഖകള്‍ പരിശോധിക്കാന്‍ അനുമതി തേടി

പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റിൽ ക്രമക്കേട് നടന്നുവെന്ന് സംശയിക്കുന്നതായി ക്രൈംബ്രാഞ്ച് ഐ.ജിയുടെ റിപ്പോർട്ട്. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ബാലറ്റിന്‍റെ കൂടുതൽ രേഖകൾ പരിശോധിക്കാൻ ഡി.ജി.പി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ അനുമതി തേടി.

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് ഡി.ജി.പി സമര്‍പ്പിച്ച റിപ്പോർട്ടില്‍ ബാലറ്റിന്‍റെ കൂടുതൽ രേഖകള്‍ പരിശോധിക്കാൻ അനുമതി തേടിയിട്ടുണ്ട്. പോസ്റ്റൽ ബാലറ്റ് വോട്ടിംഗിൽ ക്രമക്കേട് നടന്നുവെന്ന് സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി ക്രൈം ബ്രാഞ്ച് ഐ.ജി ശ്രീജിത്ത് സമര്‍പ്പിച്ച റിപ്പോർട്ടിനെ തുടര്‍ന്നാണ് കൂടുതല്‍ രേഖകള്‍ പരിശോധിക്കാന്‍ അനുമതി തേടിയത്. പൊലീസുകാരുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ട്. സ്വന്തം ബാലറ്റ് സാക്ഷ്യപ്പെടുത്തിയ ഗസറ്റഡ് ഓഫീസർ ആരാണെന്ന് അറിയില്ലെന്നുൾപ്പെടെയുള്ള പൊലീസുകാരുടെ മൊഴി ദുരൂഹമാണ്. അറ്റസ്റ്റ് ചെയ്യാൻ മറ്റ് ചിലരെ ഏൽപിച്ചതായും ചില പോലീസുകാർ പറഞ്ഞുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഒരു വിലാസത്തിലേക്ക് കൂട്ടത്തോടെ ബാലറ്റ് വരുത്തിയതിനെ കുറിച്ചുള്ള വിശദീകരണവും തൃപ്തികരമല്ല.

ഈ സാഹചര്യത്തിൽ സംശയിക്കുന്ന പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റുകള്‍ സാക്ഷ്യപ്പെടുത്തിയ ഗസറ്റഡ് ഓഫീസർമാരുടെ വിവരങ്ങളും, ബാലറ്റ് പേപ്പര്‍ തിരികെ അയച്ച പോസ്റ്റ്ഓഫീസിനെ കുറിച്ചുള്ള വിവരങ്ങളും ലഭിച്ചാൽ മാത്രമേ അന്വേഷണം പൂർത്തിയാക്കാനാകൂവെന്ന് ക്രൈം ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. പോലീസ് അസോസിയേഷന്‍റെ ഇടപെടൽ നടന്നിട്ടുണ്ടോയെന്ന് ഈ ഘട്ടത്തിൽ വ്യക്തമായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

loknath beherapolice postal ballotS Sreejith
Comments (0)
Add Comment