വോട്ടെടുപ്പിന്‍റെ തലേന്ന് എം.കെ.രാഘവനെതിരെ കേസെടുത്തത് തരംതാണ രാഷ്ട്രീയക്കളി: രമേശ് ചെന്നിത്തല

തിരുവനന്തപുരം: വോട്ടെടുപ്പിന്‍റെ തലേന്ന് കോഴിക്കോട്ടെ  യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവനെതിരെ തിരക്കിട്ട് കേസെടുത്ത സംസ്ഥാന സര്‍ക്കാരിന്‍റെ നടപടി ഹീനമായ രാഷ്ട്രീയക്കളിയും നഗ്നമായ അധികാര ദുർവിനിയോഗവുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

പരാജയം ഉറപ്പായ സി.പി.എമ്മും ഇടതു മുന്നണിയും രാഘവന്‍റെ വോട്ടെടുപ്പ് അട്ടിമറിക്കുന്നതിന് മാത്രം ലക്ഷ്യമിട്ടാണ് ധൃതഗതിയില്‍ കേസെടുത്തത്. ഇത് രാഷ്ട്രീയ മര്യാദകള്‍ക്ക് ചേര്‍ന്നതല്ല. ഒളിക്യാമറാ വിവാദത്തിലെ ടി.വി ദൃശ്യങ്ങളുടെ ആധികാരികത പോലും ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല. അവയില്‍ ദുരുദ്ദേശത്തോടെ എഡിറ്റിംഗും കൂട്ടിച്ചേര്‍ക്കലുകളും നടന്നു എന്ന് പ്രഥമ ദൃഷ്ട്യാ തന്നെ വ്യക്തമാണ്. കോഴിക്കോട് ജില്ലാ കളക്ടര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ദൃശ്യങ്ങളുടെ ആധികാരികത തെളിയിക്കുന്നതിന് ശാസ്ത്രീയ പരിശോധനകള്‍ വേണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഒരു പരിശോധനയും നടത്താതെയാണ് ഉദ്യോഗസ്ഥന്മാരില്‍ നിന്ന്  റിപ്പോര്‍ട്ടുകള്‍ എഴുതി വാങ്ങി എം.കെ രാഘവനെതിരെ കേസെടുത്തിരിക്കുന്നത്.

ഒരു തെരഞ്ഞെടുപ്പില്‍ എതിരാളിയെ തേജോവധം ചെയ്യുന്നതിനുവേണ്ടി ഇടതു മുന്നണി ഇത്ര തരം താഴാന്‍ പാടില്ലായിരുന്നു. ജനാധിപത്യ ക്രമത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പുലര്‍ത്തേണ്ട ധാര്‍മ്മിതകയാണ് സി.പി.എം ലംഘിച്ചിരിക്കുന്നത്. ഇതിലെ കള്ളക്കളിയും ദുഷ്ടലാക്കും ജനങ്ങള്‍ തിരിച്ചറിയുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Ramesh Chennithalam.k raghavan
Comments (0)
Add Comment