സിപിഎം വനിത നേതാവ് പാര്‍ട്ടി കെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍; സംഭവ സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം

സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായ വനിത നേതാവ് പാര്‍ട്ടിയുടെ ഉടസ്ഥതയിലുള്ള കെട്ടിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര ഉദിയന്‍കുളങ്ങരയ്ക്കു സമീപം അഴകിക്കോണത്താണ് സംഭവം. സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം ആശയാണ് (40) പാര്‍ട്ടി ഓഫീസിനായി സിപിഎം വാങ്ങിയ കെട്ടിടത്തില്‍ തൂങ്ങിമരിച്ചത്.

യുവതി ആത്മഹത്യ ചെയ്ത സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം. സംഭവ സ്ഥലത്ത് എത്തിയ പാറശാല പൊലീസിനെ നാട്ടുകാർ തടഞ്ഞു ആർ ഡി ഒ എത്തിയ ശേഷമേ മൃതദേഹം നീക്കാൻ അനുവദിക്കൂ എന്നാണ് ഇവരുടെ വാദം.

പാറശാല അഴകിക്കോണം സ്വദേശിയും ചെങ്കൽ പഞ്ചായത്തിലെ ആശാ വർക്കറുമായ ആശയെ രണ്ടു ദിവസമായി കാണാനില്ലെന്ന് കാണിച്ച് പരാതി നൽകിയിരുന്നു. ഇതിനിടെയാണ് സി.പി.എം പാർട്ടി ഓഫീസിനായി വാങ്ങിയ കെട്ടിടത്തില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് സീറ്റ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും നല്‍കിയിരുന്നില്ല. ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉറപ്പായും സീറ്റ് നല്‍കാമെന്ന് പാര്‍ട്ടി നേതൃത്വം ഉറപ്പുനല്‍കിയിരുന്നു. തുടര്‍ന്ന് ഇവര്‍ സജീവമായി പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം പാറശാലയില്‍ ചേര്‍ന്ന് പാര്‍ട്ടി യോഗത്തില്‍ ആശയ്ക്ക് സീറ്റ് നല്‍കേണ്ടെന്ന് തീരുമാനിച്ചിരുന്നു. ഇതില്‍ മനംനൊന്തുള്ള ആത്മഹത്യയെന്നാണ് പ്രാഥിമക നിഗമനം.

അതേസമയം, ഉദിയൻകുളങ്ങരയിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായ വനിത നേതാവ് ആശയുടെ ആത്മഹത്യയില്‍ സമഗ്രാന്വേഷണം നടത്തണമെന്ന് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്‍റ് എൻ എസ് നുസൂർ ആവശ്യപ്പെട്ടു. പാർട്ടി നേതൃത്വത്തിൽ നിന്നുമേറ്റ മാനസികപീഡനമാകാം ആത്മഹത്യ ചെയ്യാൻ പാർട്ടിയുടെ കെട്ടിടം തന്നെ തെരഞ്ഞെടുക്കാന്‍ ഇടയാക്കിയത്. ഏരിയ കമ്മീറ്റിയംഗവും പഞ്ചായത്ത്‌ മെമ്പറുമായ ശാന്തകുമാറുമായുള്ള അവസാന കൂടിക്കാഴ്ച്ച ദുരൂഹത നിറഞ്ഞതാണെന്നും എൻ എസ് നുസൂർ ചൂണ്ടിക്കാട്ടി.

Comments (0)
Add Comment