സി.പി.എം ഇരയ്ക്കൊപ്പമോ,വേട്ടക്കാരനൊപ്പമോ? എം.എല്‍.എ മുകേഷ് രാജി വയ്ക്കേണ്ടതില്ല എന്ന് എം.വി.ഗോവിന്ദന്‍

Jaihind News Bureau
Sunday, February 2, 2025

കൊച്ചി: നടനും എം.എല്‍.എയുമായ മുകേഷിനെതിരെ മുന്‍പ് ആരോപിച്ച പീഡന പരാതിയില്‍ ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചെന്ന് പ്രത്യേക അന്വേഷണ സംഘം. ഇരയുടെ പരാതിയില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് മുകേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. അതേസമയം, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മുകേഷിനെ ന്യായീകരിച്ച് രംഗത്ത് എത്തി.

ആലുവ സ്വദേശിയായ നടി നല്‍കിയ പരാതിയില്‍ കുറച്ചു നാളുകള്‍ക്ക് മുന്‍പ് എം.എല്‍.എ മുകേഷിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തെളിവുകളുടെ അഭാവത്തില്‍ അന്ന് കേസ് തേഞ്ഞുമാഞ്ഞു പോവുകയാണ് ചെയ്തത്. എന്നാല്‍ ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ച ഈ സാഹചര്യത്തില്‍ എന്തായിരിക്കും മുകേഷിന്റെയും പാര്‍ട്ടിയുടെയും നിലപാട് എന്നതാണ് പ്രധാനം. രാജി വെച്ച്് അന്വേഷണത്തെ നേരിടണമെന്ന് പ്രതിപക്ഷം വാദിച്ചിരുന്നു. കടുത്ത നിലപാട് തന്നെയാണ് പ്രതിപക്ഷം വിഷയത്തില്‍ ഭരണപക്ഷത്തിനെതിരെ ഉന്നയിക്കുന്നത്. എന്നാല്‍ അതിനെ അപ്പാടെ നീക്കി കളഞ്ഞ് മുകേഷ് രാജി വയ്‌ക്കേണ്ട ആവശ്യമില്ല എന്നാണ് എം.വി.ഗോവിന്ദന്റെ പ്രതികരണം. ഇത് തന്നെയാണോ പാര്‍ട്ടി തീരുമാനമെന്നും വ്യക്തമാക്കണമെന്ന് പ്രതിപക്ഷം ചോദിക്കുന്നു. എന്തായാലും വരാനിരിക്കുന്ന മണിക്കുറുകള്‍ എം.എല്‍.എയ്ക്കും പാര്‍ട്ടിക്കും നിര്‍ണായകമാണ്. എം.എല്‍.എയുടെ രാജി ആവശ്യപ്പെട്ട് നിരവധി പ്രതിഷേധങ്ങള്‍ ഉയരാനും സാധ്യത ഉണ്ട്.