ക്ഷേമപെന്‍ഷനുകള്‍ വീടുകളിലെത്തിച്ച് വോട്ട് തേടി സി.പി.എം നേതാക്കള്‍: വൃദ്ധദമ്പതികളുടെ പേരില്‍ വ്യാജപ്രചാരണം; പെരുമാറ്റച്ചട്ടലംഘനത്തിന് പരാതി

webdesk
Thursday, March 28, 2019

കോഴിക്കോട്: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങൾ കാറ്റിൽ പറത്തി കോഴിക്കോട് കായണ്ണയിലെ സി.പി.എം പ്രവർത്തകർ. പ്രദേശത്തെ പെൻഷനുകൾ വിതരണം ചെയ്യുന്നത് ബാങ്ക് ജീവനക്കാർ പോലുമല്ലാത്ത സി.പി.എം പ്രവർത്തകർ. വൃദ്ധ ദമ്പതികളുടെ പേരിൽ വ്യാജ പ്രചരണം നടത്തുന്നതായും പരാതി. ക്ഷേമ പെന്‍ഷന്‍ വിതരണം മണ്ഡലത്തില്‍ ഇടത് മുന്നണി  പ്രചാരണായുധമാക്കുന്നതായി  ചൂണ്ടിക്കാട്ടി യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷനും കളക്ടർക്കും പരാതി നൽകി.

കോഴിക്കോട് കായണ്ണ പഞ്ചായത്തിലെ കിഴക്കേപറമ്പില്‍ അമ്മദിന്‍റെയും ഭാര്യ പാത്തുമ്മയുടെയും പേരിലാണ് സോഷ്യല്‍ മീഡിയയില്‍ സി.പി.എമ്മിന്‍റെ നേതൃത്വത്തില്‍ വ്യാജപ്രചാരണം നടത്തുന്നത്. ബാങ്ക് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിക്കേണ്ട പെന്‍ഷനുകള്‍ അമ്മദിനും ഭാര്യക്കും രണ്ടുദിവസത്തെ ഇടവേളകളിലെത്തിച്ചത് പ്രദേശത്തെ സി.പി.എം പ്രവര്‍ത്തകര്‍. തെളിവിനെന്ന വ്യാജേന വൃദ്ധദമ്പതികളെ തെറ്റിദ്ധരിപ്പിച്ച് പണം ഉള്‍പ്പെടെ ഫോട്ടെയെടുത്തു. തുടര്‍ന്ന് എല്‍.ഡി.എഫ് സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കുന്നതില്‍ കൃതജ്ഞത അറിയിച്ചുകൊണ്ടുള്ള അടിക്കുറിപ്പോടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായതോടെയാണ് വ്യാജപ്രചാരണം ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെടുന്നത്.

“ഫോട്ടോ എടുക്കണമെന്ന് പറഞ്ഞപ്പോള്‍ ബാങ്കിന്‍റെ എന്തെങ്കിലും ആവശ്യത്തിനാകുമെന്നാണ് കരുതിയത്. പെന്‍ഷന്‍ കൈമാറി എന്നതിന്‍റെ തെളിവിനായിരിക്കും എന്നു കരുതി. എന്നാല്‍ ഗള്‍ഫിലൊക്കെ പോയിട്ട് വാട്ട്സ്ആപ്പിലൂടെയൊക്കെ ഞാന്‍ അവരുടെ കൂടെ കൂടി എന്ന രീതിയിലൊക്കെ പറയുമ്പോഴാണ് ഇത് മനസിലാകുന്നത്. മനസില്‍ പോലും വിചാരിക്കാത്ത കാര്യമാണ്” – അമ്മദ് പറയുന്നു.

യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്താണ് തങ്ങള്‍ക്ക് പെന്‍ഷന്‍ അനുവദിച്ചുകിട്ടിയതെന്നും സി.പി.എം തങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നും അമ്മദും ഭാര്യയും വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ പൂര്‍ണമായും അട്ടിമറിച്ചുകൊണ്ട് സി.പി.എം പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ പാര്‍ട്ടിയുടെ പേരില്‍ ജനങ്ങളിലെത്തിച്ച് വോട്ട് അഭ്യര്‍ത്ഥിക്കുകയാണ് ചെയ്യുന്നത്. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും കളക്ടര്‍ക്കും യു.ഡി.എഫ് പരാതി നല്‍കി.

സി.പി.എം നിയന്ത്രണത്തിലുള്ള കായണ്ണ സര്‍വ്വീസ് സഹകരണബാങ്ക് വഴി പെന്‍ഷന്‍ കൈപ്പറ്റുന്നവരെയാണ് ഇത്തരത്തില്‍ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നത്. പണം വിതരണം ചെയ്യാന്‍ ബാങ്ക് ജീവനക്കാരെയാണ് ഏര്‍പ്പെടുത്തിയതെന്നും ഇതെങ്ങനെ സി.പി.എം നേതാക്കളുടെ കൈയിലെത്തി എന്ന് അറിയില്ലെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നു. യു.ഡി.എഫ് നല്‍കിയ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണ്.