സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തി സി.പി.എം ജനാധിപത്യത്തെ അപചയപ്പെടുത്തുന്നു : സതീശൻ പാച്ചേനി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തി നാമനിർദേശ പത്രികകൾ പിൻവലിപ്പിക്കുന്നതിന് സിപിഎം നേതൃത്വത്തിൽ ബോധപൂർവ്വം ശ്രമിക്കുകയാണെന്നും ജനാധിപത്യത്തെ അപചയപ്പെടുത്താനുള്ള
സിപിഎം നീക്കത്തിൽ ജനങ്ങളൊന്നാകെ ജാഗ്രത പാലിക്കണമെന്നും ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനി പറഞ്ഞു.

ആന്തൂർ നഗരസഭയിലും മലപ്പട്ടം,മുഴക്കുന്ന് പഞ്ചായത്തുകളിലും പത്രിക നൽകിയ സ്ഥാനാർത്ഥികളെയും നാമനിർദ്ദേശം ചെയ്തവരെയും ഭീഷണിപ്പെടുത്തുന്ന സമീപനമാണ് സിപിഎം സ്വീകരിക്കുന്നത്.

ഭരണത്തിന്റെ തണലിൽ സ്വർണ്ണക്കള്ളക്കടത്തും അഴിമതിയും കൊള്ളയും നടത്തി രാഷ്ട്രീയപരമായി ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ട സിപിഎമ്മിന് പാർട്ടി കോട്ടകളിൽ പോലും വിള്ളൽ വീഴുമെന്ന് ഭയന്നിട്ടാണ് ഇത്തരം ഭീഷണിപ്പെടുത്തി സ്ഥാനാർത്ഥികളെ പിൻവലിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നത്.

അന്തസ്സോടെ ജനവിധിയെ കാത്തിരിക്കാനുള്ള മാന്യതയെങ്കിലും സിപിഎം കാണിക്കണമെന്നും ശിലായുഗകാലഘട്ടത്തിലെ സംസ്ക്കാരശൂന്യരുടെ ശൈലിയിലേക്ക് നാടിനെ കൊണ്ടെത്തിക്കുന്ന സിപിഎം ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും തെരഞ്ഞെടുപ്പിൽ ഇത്തരം തരംതാഴ്ന്ന ശൈലിക്കെതിരെ ജനങ്ങൾ വിധി എഴുതുമെന്നും സതീശൻ പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു.

Comments (0)
Add Comment