എൻഎസ്എസ് ജാതി പറഞ്ഞ് വോട്ട് ചോദിച്ചെന്ന പരാതിയിൽ നിന്ന് സിപിഎം പിൻമാറി; പരാതിക്കാർ മൊഴി നൽകാൻ പോലും എത്തിയില്ലെന്ന് ഡിജിപിയുടെ റിപ്പോർട്ട്; പരാതിയിന്മേലുള്ള അന്വേഷണം അവസാനിപ്പിക്കുന്നു

Jaihind News Bureau
Wednesday, November 27, 2019

NSS-Vattiyoorkavu-SangeethKumar

വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പില്‍ എന്‍.എസ്.എസ് ജാതി പറഞ്ഞ് വോട്ട് പിടിച്ചെന്ന പരാതിയില്‍ നിന്ന് സി.പി.എം പിന്മാറുന്നു.
സി.പി.എം ഉള്‍പ്പെടെയുള്ള പരാതിക്കാര്‍ തെളിവ് നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി ഡി.ജി.പി യു തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോര്‍ട്ട് നല്‍കി.

വിട്ടയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ യു.ഡി എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി എൻ.എസ്.എസ് ജാതി പറഞ്ഞ് വോട്ട് പിടിച്ചു എന്നതായിരുന്നു പരാതി.
സി.പി.എം വട്ടിയൂർക്കാവ് നിയോജക മണ്ഡലം സെക്രട്ടറി കെ.സി.വിക്രമനാണ് പാർട്ടിക്ക് വേണ്ടി പരാതി നൽകിയത്. സമസ്ത കേരള നായർ സമാജവും സമാന പരാതിയുമായി രംഗത്ത് എത്തിയിരുന്നു.

പത്രവാർത്തകൾ മാത്രമാണ് ഇതിന് തെളിവായി സമർപ്പിച്ചിരുന്നത്. അന്വഷണ ഘട്ടത്തിൽ കൂടുതൽ തെളിവുകൾ ഹാജരാക്കാനും പരാതിക്കാർക്ക് കഴിഞ്ഞില്ല. മൊഴി നൽകാനും പരാതിക്കാർ അന്വേഷണ സംഘത്തിന് മുന്നിൽ എത്തിയില്ല.എൻ.എസ്.എസിനെതിരായ പരാതിയിൽ കഴമ്പില്ലെന്ന നിഗമനത്തിലാണ് പോലീസ് എത്തിച്ചേർന്നിരിക്കുന്നത്. പരാതിക്കാർ സഹകരിക്കുന്നില്ലെന്ന് ചൂണ്ടികാട്ടി ഡി ജി പി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നൽകി.അതേ സമയം, കലക്ടറുടെ റിപ്പോര്‍ട്ട് കൂടി കിട്ടിയ ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

ഇപ്പോൾ ബന്ധം വഷളായി നിൽക്കുന്ന എൻ.എസ്.എസിനെ കൂടുതൽ പ്രകോപിക്കുന്നത് ഉചിതമാകില്ല എന്ന ചിന്തയും പരാതിയിൽ നിന്ന് പിന്നോട്ട് പോകാൻ സി പി എമ്മിനെ പ്രേരിപ്പിച്ചു എന്നാണ് സൂചന. വട്ടിയൂർക്കാവ് ഉപ തെരഞ്ഞെടുപ്പ് വേളയിൽ യു.ഡി എഫിനും എൻ എസ് എസിനും എതിരെ രൂക്ഷമായ വിമർശനങ്ങളാണ് സി പി എം ഉയർത്തിയിരുന്നത്. എന്‍.എസ്.എസ് ജാതി രാഷ്ട്രീയം കളിക്കുന്നു എന്ന ആരോപണം വലിയ ചർച്ചയ്ക്കും വഴിവച്ചിരുന്നു. എന്നാൽ ഇപ്പോൾ എൻ.എസ് എസിനെതിനായ പരാതിയിൽ നിന്ന് സി പി എം ഇപ്പോൾ പൂണമായും പിന്നോട് പോയിരിക്കുകയാണ് .