സ്വർണ്ണക്കടത്തില്‍ പ്രതിരോധത്തിലായപ്പോള്‍ ജയ്ഹിന്ദിനെതിരെ രോഷം കൊണ്ട് സിപിഎം; വ്യാജവാര്‍ത്ത സൃഷ്ടിച്ചുവെന്നും വിചിത്രവാദം

 

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും പ്രതിരോധത്തിലാക്കുന്ന വാര്‍ത്തകള്‍ പുറത്തുവിട്ടതിനു പിന്നാലെ ജയ്ഹിന്ദ് ടി.വിക്കെതിരെ വിമര്‍ശനവുമായി സിപിഎം. ജയ്ഹിന്ദ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ പുകമറ സൃഷ്ടിക്കുന്നുവെന്നും വ്യാജവാര്‍ത്ത സൃഷ്ടിച്ചുവെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറയുന്നു.

അതേസമയം സ്വർണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വാർത്ത ആദ്യം പുറത്തുവിട്ടത് ജയ്ഹിന്ദ് ടി.വിയായിരുന്നു. മുഖ്യമന്ത്രിയുടെ സെക്രട്ടറിയും ഐ.ടി വകുപ്പ് സെക്രട്ടറിയുമായ എം. ശിവശങ്കറിന് സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങളും ജയ്ഹിന്ദ് പുറത്തുവിട്ടു. ഇതിന് പിന്നാലെ  ശിവശങ്കറിനെ ചുമതലകളില്‍ നിന്നും മാറ്റാനും മുഖ്യമന്ത്രി നിർബന്ധിതനായി.

മുഖ്യമന്ത്രിയോടൊപ്പമുള്ള സ്വപ്ന സുരേഷിന്‍റെ ചിത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചുവെന്നായിരുന്നു മുഖ്യമന്ത്രിയുടേയും സ്വന്തം ചാനലായ കൈരളിയുടേയും മറ്റൊരു പ്രചാരണം. എന്നാല്‍ കൈരളിയുടേയും മുഖ്യമന്ത്രിയുടെയും വാദം തെറ്റെന്ന് തെളിയിക്കുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ ജയ്ഹിന്ദ് ന്യൂസ് പുറത്ത് വിട്ടു. 2017ല്‍ തിരുവനന്തപുരത്ത് നടന്ന ഇഫ്താര്‍ വിരുന്നില്‍ മുഖ്യമന്ത്രിക്കൊപ്പം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് ജയ്ഹിന്ദ് പുറത്ത് വിട്ടത്. അന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ച സ്വപ്ന മുഴുവന്‍ സമയവും അദ്ദേഹത്തിന്റെ സമീപത്ത് തന്നെ ഉണ്ടായിരുന്നു എന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.  മുഖ്യമന്ത്രിയേയും പാർട്ടിയേയും സർക്കാരിനേയും ഏതുവിധേനയും  സംരക്ഷിക്കായി സിപിഎം നടത്തുന്ന ശ്രമങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവന.

 

Comments (0)
Add Comment