വഖഫ് ബില്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം ഇല്ല; എംപിമാര്‍ അവധിയിലാണ്

Jaihind News Bureau
Tuesday, April 1, 2025

വിവാദമായ വഖഫ് ബില്‍ ചര്‍ച്ചയില്‍ നിന്ന് മുന്‍കൂര്‍ അവധി തേടി സിപിഎം എംപിമാര്‍. രാജ്യത്തെ ഒട്ടേറെ പേരെ പ്രത്യേകിച്ച് ന്യൂനപക്ഷവിഭാഗത്തെ ബാധിക്കുന്ന സുപ്രധാന ബില്ല് ചര്‍ച്ച ചെയ്യാനിരിക്കെയാണ് സിപിഎം അംഗങ്ങള്‍ ലോക് സഭാ സ്പീക്കര്‍ക്ക് അവധിക്ക് അപേക്ഷ നല്‍കിയിരിക്കുന്നത്. മധുരയില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കണം എന്നാണ് കാരണം പറഞ്ഞിരിക്കുന്നത്. നാല് എംപിമാരാണ് സിപിഎമ്മിന് ലോക് സഭയില്‍ ഉള്ളത്

കോണ്‍ഗ്രസ് ഉള്‍പ്പെടയുള്ള പ്രതിപക്ഷ കക്ഷികള്‍ ബില്ലിനോടുള്ള ശക്തമായ എതിര്‍പ്പ് സര്‍വ്വശക്തിയുമെടുത്ത് പ്രകടിപ്പിക്കാനാണ് തീരുമാനം. അംഗങ്ങള്‍ക്ക് പാര്‍ട്ടി വിപ്പും നല്‍കിയിട്ടുണ്ട്. ഇങ്ങനെ ഒന്നിച്ച് എതിര്‍ക്കേണ്ട സന്ദര്‍ഭത്തിലാണ് സിപിഎം മധുരയ്ക്കു പോകുന്നതില്‍ ചില രാഷ്ട്രീയ അടവു നയം സംശയിക്കുന്നവരുണ്ട്. ആലത്തൂര്‍ പ്രതിനിധി കെ.രാധാകൃഷ്ണന്‍, അമ്ര റാം, എസ്.വെങ്കിടേശന്‍, ആര്‍.സച്ചിതാനന്ദം എന്നീ സിപിഎം എംപിമാരാണ് ഏപ്രില്‍ നാലാം തീയതി വരെ സഭാ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് കത്തിലൂടെ അറിയിച്ചിരിക്കുന്നത്. ഒപ്പം സര്‍ക്കാര്‍ അവതരിപ്പിക്കുന്ന വഖഫ് ഭേദഗതി ബില്ലിനെ ഞങ്ങള്‍ എതിര്‍ക്കുകയാണെന്നും സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് അയച്ച കത്തില്‍ പറയുന്നു.

ഫലത്തില്‍ വഖഫ് ഭേദഗതി ബില്ലിനെ എതിര്‍ക്കാന്‍ സിപിഎം എംപിമാര്‍ ലോക്സഭയില്‍ ഉണ്ടാകില്ല. വോട്ടെടുപ്പു വേണ്ടിവന്നാല്‍ അതിലും പങ്കെടുക്കില്ല. ഭേദഗതി ബില്ലില്‍ എന്‍ഡിഎയിലെ ഘടകകക്ഷികളുടെ നിലപാടും നിര്‍ണായകമാണെന്നിരിക്കെ ഇടതു എം പിമാരുടെ ഈ നീക്കം ബിജെപിയ്ക്ക് ഗുണകരമാകും