സുധാകരനെതിരായ സിപിഎം നീക്കം വിലപ്പോവില്ല ; കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നേരിടുമെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Tuesday, June 15, 2021

 

തിരുവനന്തപുരം : നിയുക്ത കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരായ സിപിഎമ്മിന്‍റെ ഹീനമായ നീക്കം കേരളത്തില്‍ വിലപ്പോവില്ലെന്ന് രമേശ് ചെന്നിത്തല എംഎല്‍എ. സുധാകരനില്‍ ബിജെപി ബന്ധം ആരോപിക്കാന്‍ ശ്രമിക്കുന്നത് സിപിഎമ്മിന്‍റെ കപടതന്ത്രത്തിന്‍റെ ഭാഗമാണ്. കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്‍റെയും തലപ്പത്തുള്ള നേതാക്കളെ കരിവാരിത്തേച്ച് അപകീര്‍ത്തിപ്പെടുത്താനാണ് സിപിഎം എക്കാലവും ശ്രമിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലുള്‍പ്പെടെ ബിജെപിയുമായി സഖ്യമുണ്ടാക്കി വോട്ട് കച്ചവടം നടത്തിയവരാണ് ഇപ്പോള്‍ ഇത്തരം ഹീനമായ ആരോപണങ്ങളുമായി എത്തിയിരിക്കുന്നതെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. സ്വന്തം കാപട്യം മറച്ചുവെച്ച് മറ്റുള്ളവരെ കരിവാരിത്തേക്കാനുള്ള സിപിഎമ്മിന്‍റെ ഇത്തരം ശ്രമങ്ങളെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നേരിടുമെന്നും രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.

 

രമേശ് ചെന്നിത്തലയും ഫേസ്ബുക്ക് പോസ്റ്റ് :

നിയുക്ത കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനിൽ ബി.ജെ.പി ബന്ധം ആരോപിക്കാന്‍ ശ്രമിക്കുന്നത് സി.പി.എമ്മിന്‍റെ കപട തന്ത്രത്തിന്‍റെ ഭാഗമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ തോല്‍പ്പിക്കുന്നതിനും കേസുകള്‍ അട്ടിമറിക്കുന്നതിനുമായി ബി.ജെ.പിയുമായി നിര്‍ലജ്ജം സഖ്യമുണ്ടാക്കിയ സി.പി.എം ആണ് ഇപ്പോള്‍ കെ.സുധാകരനെതിരെ നീങ്ങുന്നത്.

ഇത് സംബന്ധിച്ച് സി.പി.എം സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പ്രസ്താവന നീചമായ രാഷ്ട്രീയ ലക്ഷ്യം വച്ചു കൊണ്ടുള്ളത് മാത്രമാണ്. കോണ്‍ഗ്രസിന്‍റെയും യു.ഡി.എഫിന്‍റെയും തലപ്പത്ത് വരുന്ന നേതാക്കളില്‍ ബി.ജെ.പി ബന്ധം ആരോപിച്ച് അവരെ കരിതേച്ച് കാണിക്കുകയും അത് വഴി കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും അപകീര്‍ത്തിപ്പെടുത്തുകയുമാണ് സി.പി.എം തന്ത്രം. നേരത്തെയും ഇത് ചെയ്തിരുന്നതാണ്. ഇത് വഴി ന്യൂനപക്ഷങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിച്ച് അവരെ തങ്ങളുടെ പക്ഷത്ത് എത്തിക്കുക എന്ന ഹീന ലക്ഷ്യവുമുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ രാഷ്ട്രീയ മര്യാദകളും കാറ്റില്‍ പറത്തി ഈ തന്ത്രം സി.പി.എം പയറ്റിയതാണ്. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം ആക്ടിംഗ് സെക്രട്ടറി വിജയരാഘവനും ന്യൂനപക്ഷങ്ങളില്‍ ഭിന്നിപ്പുണ്ടാക്കാന്‍ പച്ചയായ വര്‍ഗ്ഗീയത ഇളക്കി വിടുകയും ചെയ്തു. അതേ സമയം തന്നെ അതേ ബി.ജെ.പിയുമായി രഹസ്യമായി സഖ്യമുണ്ടാക്കാന്‍ സി.പി.എമ്മിന് ഒരു മടിയുമുണ്ടായതുമില്ല.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വ്യാപകമായ വോട്ട് കച്ചവടമാണ് സി.പി.എം ബി.ജെ.പിയുമായി നടത്തിയത്. 69 മണ്ഡലങ്ങളില്‍ ബി.ജെ.പിയില്‍ നിന്ന് പ്രകടമായി വോട്ട് വാങ്ങിയ സി.പി.എം, ബി.ജെ.പിക്ക് വിജയ സാദ്ധ്യതയുള്ള മണ്ഡലങ്ങളില്‍ അവര്‍ക്ക് വോട്ട് മറിച്ചു കൊടുക്കുയും ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിലെ ഇത്തവണത്തെ വോട്ടിംഗ് നില പരിശോധിച്ചാല്‍ ഏത് കൊച്ചു കുട്ടിക്കും മനസിലാവുന്നതാണ് ഈ സി.പി.എം – ബി.ജെ.പി വോട്ട് കച്ചവടം. സംസ്ഥാനത്ത് ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിച്ചത് സി.പി.എം അല്ല, കോണ്‍ഗ്രസും യു.ഡി.എഫുമാണ്. ബി.ജെ.പിയെ കുറച്ച് മണ്ഡലങ്ങളിലെങ്കിലും ജയിപ്പിക്കാനാണ് സി.പി.എം ശ്രമിച്ചത്.
സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിച്ചതും സി.പി.എം ബി.ജെ.പി ധാരണയുടെ ഭാഗമായിട്ടായിരുന്നു.

പകല്‍ പോലെ വ്യക്തമായ ഈ വസ്തുതകള്‍ മറച്ചു പിടിക്കുന്നതിനും ന്യൂനപക്ഷങ്ങളെ കബളിപ്പിക്കുന്നതിനുമാണ് സ്വന്തം കാപട്യം മറച്ച് വച്ച് കെ.സുധാകരനെ കരി തേച്ച് കാണിക്കുക എന്ന തന്ത്രം സി.പി.എം സ്വീകരിച്ചിരിക്കുന്നത്. ഇത് കേരളത്തില്‍ വിലപ്പോകില്ല. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നേരിടും.

 

https://www.facebook.com/rameshchennithala/photos/a.829504060441435/4277743362284137/