ഭൂമി കച്ചവടം ഉള്‍പ്പെടെ അഴിമതി ആരോപണങ്ങള്‍; സിപിഎം ലോക്കല്‍സെക്രട്ടറിയെ തരംതാഴ്ത്തി


സിപിഎം പാലക്കാട് ശ്രീകൃഷ്ണപുരം ലോക്കല്‍ സെക്രട്ടറി കെ.എസ് മധുവിനെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ഭൂമി കച്ചവടം ഉള്‍പ്പെടെ ഉയര്‍ന്ന വിവിധ അഴിമതി ആരോപണങ്ങളില്‍ അന്വേഷണ വിധേയമായാണ് പാര്‍ട്ടി നടപടി. പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ത്തന്നെ മധുവിനെ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റി നിര്‍ത്തിയിരുന്നു.പാര്‍ട്ടി പദവി ദുരുപയോഗം ചെയ്ത് ലക്ഷങ്ങളുടെ അഴിമതി നടത്തിയെന്നാണ് കണ്ടെത്തല്‍. 2014 ല്‍ ലോക്കല്‍ സെക്രട്ടറി സ്ഥാനത്തേക്കെത്തിയ മധു രണ്ടു തവണയായി പദവിയില്‍ തുടരുകയായിരുന്നു. ഭൂമി കച്ചവടം, പാര്‍ട്ടി വാങ്ങിയ ആംബുലന്‍സ്, ഫ്രീസര്‍ എന്നിവ രഹസ്യമായി വില്‍പ്പന നടത്തി. ബാങ്കിലെ ഡയറക്ടര്‍ പദവി ഉപയോഗിച്ച് വായ്പാ തിരിമറി. തുടങ്ങിയ പരാതികളില്‍ അന്വേഷണം നടത്തി കഴമ്പുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ത്തന്നെ ലോക്കല്‍ സെക്രട്ടറി പദവിയില്‍ നിന്നും മധുവിനെ മാറ്റിനിര്‍ത്തിയിരുന്നു. ഏരിയ കമ്മിറ്റി അംഗം ബി.രാജേഷിനായിരുന്നു ചുമതല. കഴിഞ്ഞദിവസം ചേര്‍ന്ന ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ കെ.എസ്. മധുവിനെ ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയതായി റിപ്പോര്‍ട്ടിങ് നടത്തി. മധുവും ഭൂമി ഇടപാടുകാരും തമ്മിലുള്ള അഴിമതി വ്യക്തമാക്കുന്ന ശബ്ദസന്ദേശവും നവമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. നിലവില്‍ സിഐടിയു ജില്ലാ കമ്മിറ്റി അംഗവും ശ്രീകൃഷ്ണപുരം സര്‍വീസ് ബാങ്ക്, ഒറ്റപ്പാലം ഭൂപണയ ബാങ്ക്, തിരുവാഴിയോട് കാര്‍ഷിക ബാങ്ക് എന്നിവയുടെ ഡയറക്ടര്‍ കൂടിയാണ് കെ.എസ് മധു. അച്ചടക്ക നടപടിയെക്കുറിച്ച് പ്രതികരണത്തിനില്ലെന്ന് സിപിഎം പാലക്കാട് ജില്ലാ നേതൃത്വം അറിയിച്ചു.

 

Comments (0)
Add Comment