ഫണ്ട് നല്‍കാത്തതിന് പ്രവാസിയെ ഭീഷണിപ്പെടുത്തിയ സംഭവം; സിപിഎം നേതാവിനെ സംരക്ഷിച്ച് പാർട്ടി നേതൃത്വം

Jaihind Webdesk
Saturday, September 25, 2021

 

കൊല്ലം : പാർട്ടി ഫണ്ട് നൽകാത്തതിന് കൊല്ലം ചവറയില്‍ പ്രവാസി നിക്ഷേപകന്‍റെ കണ്‍വന്‍ഷന്‍ സെന്‍ററിൽ കൊടി കുത്തുമെന്ന് ഭീഷണിപ്പെടുത്തിയ സിപിഎം പ്രാദേശിക നേതാവിനെ സംരക്ഷിച്ച് പാര്‍ട്ടി നേതൃത്വം. മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജുവിനെതിരെ അന്വേഷണം ആവശ്യമില്ലെന്നാണ് പാർട്ടി നിലപാട്. ഇതിനിടെ കൺവെൻഷൻ സെന്‍റർ സ്ഥലത്ത് നിലംനികത്തല്‍ നടന്നിട്ടില്ലെന്ന റവന്യൂ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍ സിപിഎം നേതൃത്വത്തിന് തിരിച്ചടിയായി.

പാർട്ടിക്ക് ഫണ്ട് നൽകാത്തതിന് കൊല്ലം ചവറയിൽ പ്രവാസി ദമ്പതികൾ നിർമ്മിച്ച കൺവൻഷൻ സെന്‍ററിൽ
കൊടികുത്തുമെന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണിക്കെതിരെ ഇവർ മുഖ്യമന്ത്രിക്ക് പരാതി നൽകിയെങ്കിലും പാർട്ടി നേതൃത്വം ബ്രാഞ്ച് സെക്രട്ടറിയെ സംരക്ഷിക്കുന്ന നിലപാടിലേക്ക് നീങ്ങുകയാണ്. സിപിഎം കൊല്ലം ചവറ ഈസ്റ്റ് മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജുവിനെതിരെ അമേരിക്കന്‍ മലയാളിയായ ഷഹിയും ഭാര്യ ഷൈനിയുമാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

സംഭാവന പിരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതു പാര്‍ട്ടിയുടെ പതിവാണെന്ന വിശദീകരണത്തോടെയാണ് നേതാക്കൾ ബ്രാഞ്ച് സെക്രട്ടറിയെ സംരക്ഷിക്കുന്നത്. എന്നാൽ ഈ വിഷയത്തിൽ പരസ്യമായ പ്രതികരണത്തിന് നേതാക്കൾ ഇനിയും തയാറായിട്ടില്ല. ഇതിനിടയിൽ കണ്‍വെന്‍ഷന്‍ സെന്‍റര്‍ നില്‍ക്കുന്ന സ്ഥലത്തിനോട് ചേര്‍ന്നുളള അമ്പത് സെന്‍റ് ഭൂമിയില്‍ ഒരു തരത്തിലുമുളള നികത്തലും നടന്നിട്ടില്ലെന്ന് റവന്യൂ വകുപ്പ് കണ്ടെത്തി. സ്ഥലം ഉടമ ഭൂമി നികത്തിയതായി കാണുന്നില്ലെന്നും ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമിയില്‍ ഒരു തരത്തിലുള്ള നിര്‍മാണവും നടക്കുന്നില്ലെന്നുമാണ് തേവലക്കര വില്ലേജ് ഓഫിസറുടെ റിപ്പോര്‍ട്ട്.

33 സെന്‍റ് സ്ഥലം ഡാറാബാങ്കില്‍ നിന്നൊഴിവാക്കാന്‍ നാലുവര്‍ഷം മുന്‍പ് അപേക്ഷ കൊടുത്തിട്ടും തീരുമാനമെടുക്കാതെ അപേക്ഷകനെ വട്ടംകറക്കുന്ന ഉദ്യോഗസ്ഥർക്കെതിരെയും പരാതി ഉയരുകയാണ്. പിരിവും കൈക്കൂലിയും നൽകി കാര്യം നേടാനില്ലെന്ന ഉറച്ച നിലപാടിലാണ് പ്രവാസി നിക്ഷേപകനായ ഷഹി വിജയനും കുടുംബവും.