‘സിപിഎം ബിജെപിക്കൊപ്പം ചേർന്ന് കേരള സ്റ്റോറി പ്രദർശിപ്പിക്കുന്നു’; പിണറായി വിജയനും സിപിഎമ്മിനുമെതിരെ മമത ബാനർജി

Jaihind Webdesk
Tuesday, May 9, 2023

 

കൊൽക്കത്ത: വിവാദമായ സിനിമ ‘ദ കേരള സ്‌റ്റോറി’യില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സിനിമ നിരോധിക്കേണ്ടിയിരുന്നത് താനല്ല സിപിഎമ്മായിരുന്നെന്ന് മമത ബാനർജി കുറ്റപ്പെടുത്തി. സിപിഎം ബിജെപിക്കൊപ്പം നീങ്ങുകയാണെന്നും മമത വിമർശിച്ചു.

‘ഞാൻ അല്ല സിപിഎം ആയിരുന്നു ഈ സിനിമയെ എതിർക്കേണ്ടിയിരുന്നത്. എന്നാൽ അവർ ബിജെപിക്കൊപ്പം ചേർന്ന് സിനിമ പ്രദർശിപ്പിക്കുകയാണ്. എന്താണ് ഈ കേരള സ്റ്റോറി? ഞാൻ സിപിഎമ്മിനെ പിന്തുണയ്ക്കുന്നില്ല. ജനങ്ങളെയാണ് പിന്തുണയ്ക്കുന്നത്. ഇത് വളരെ സങ്കടകരമാണെന്നാണ് കേരള മുഖ്യമന്ത്രിയോട് പറയാനുള്ളത്’-  മമത പറഞ്ഞു.

‘ദ കേരള സ്റ്റോറി’ ബംഗാളിൽ നിരോധിച്ചുകൊണ്ട് സംസാരിക്കുന്നതിനിടയിലാണ് സിപിഎമ്മിനെയും കേരള മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ മമത ബാനർജി രൂക്ഷ വിമർശനം നടത്തിയത്. വിദ്വേഷവും അക്രമവും ഒഴിവാക്കാനും സംസ്ഥാനത്ത് സമാധാനം നിലനിർത്താനുമായി ദി കേരള സ്റ്റോറി നിരോധിക്കുകയാണെന്ന് മമത ബാനർജി പറഞ്ഞു. തമിഴ്നാട്ടിലും കേരള സ്റ്റോറിയുടെ പ്രദര്‍ശനം നിർത്തിയിരുന്നു.