മാധ്യമപ്രവർത്തകരുടെ ഫോൺ ചോർത്തൽ; സംസ്ഥാന ആഭ്യന്തര വകുപ്പ് സംശയ നിഴലിൽ

Jaihind Webdesk
Wednesday, October 3, 2018

 

സി.പി.എം തൃശൂർ സംസ്ഥാന സമ്മേളനത്തിന് ശേഷം സംസ്ഥാനത്തെ പത്തിലധികം മാധ്യമപ്രവർത്തകരുടെ ഫോൺ വിളിയുടെ വിവരങ്ങളടക്കം ചോർത്തിയെന്ന വാർത്ത പുറത്തു വന്നതോടെ ആഭ്യന്തരവകുപ്പ് സംശയത്തിന്‍റെ നിഴലിൽ. സംസ്ഥാന സമ്മേളനത്തിനിടെ പാർട്ടിയിലെ ചില മുതിർന്ന നേതാക്കൾ അടക്കമുള്ളവർ മാധ്യമപ്രവർത്തകരോട് സംസാരിച്ചുവെന്ന വസ്തുതയുടെ അടിസ്ഥാനത്തിലാണ് ഇവരുടെ ഫോൺ വിവരങ്ങളടക്കം ചോർത്തപ്പെട്ടത്. മാധ്യമപ്രവർത്തകരുടെ ഫോണുകളിൽ നിന്നും പാർട്ടി നേതാക്കളെ വിളിച്ച കോൾ ലിസ്റ്റ് ശേഖരിച്ച ശേഷമായിരുന്നു ചോർത്തൽ പ്രക്രിയ ആരംഭിച്ചതെന്ന് വേണം കരുതേണ്ടത്.

പാർട്ടിയിലെ കാര്യങ്ങൾക്ക് പോലീസിനെ ഉപയോഗിക്കാൻ ആഭ്യന്തരവകുപ്പ് കൂട്ടു നിന്നുവെന്നുള്ള ഗുരുതര ആരോപണമാണ് രംഗത്ത് വരുന്നത്. ഇതിനുപിന്നിൽ സി.പി.എം നേതൃത്വത്തിൽ നിന്നും ഇടപെടലുണ്ടായോ എന്നതും അന്വേഷിക്കപ്പെടേണ്ട വസ്തുതയാണ്. സംസ്ഥാന പോലീസിലെ ഒരു ഉന്നതനെ ഉപയോഗപ്പെടുത്തിയാണ് ഫോൺ ചോർത്തിയതെന്ന് കരുതപ്പെടുന്നു. മുൻ ആഭ്യന്തരമന്ത്രിയും ഇപ്പോഴത്തെ സി.പി.എം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ ഇതിന് പിന്നിലുണ്ടെന്നും ആരോപണമുയരുന്നു. മാധ്യമപ്രവർത്തകരുടെ ഫോൺ ചോർന്നത് സംബന്ധിച്ച് ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനും ഒഴിഞ്ഞു മാറാനാവില്ല. ഫോൺ വിവരങ്ങൾ എങ്ങനെ, എന്തിന് ചോർത്തിയെന്നതിനെപറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. ഇത് സംസ്ഥാനത്ത് സ്വതന്ത്രമാധ്യമപ്രവര്‍ത്തനത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന ആരോപണവും പ്രതിപക്ഷം മുന്നോട്ടുവെച്ചുകഴിഞ്ഞു.

മാധ്യമപ്രവർത്തകരോട് സംസാരിച്ച നേതാക്കൾക്കെതിരെ നടപടിയെടുക്കണമെന്ന ഉദ്ദേശമായിരുന്നു ഫോൺ ചോർത്തലിന് പിന്നിലുണ്ടായിരുന്നത്. ഇതനുസരിച്ച് അഞ്ച് നേതാക്കളോട് സി.പി.എം വിശദീകരണം തേടിയിരുന്നു. റാന്നി എം.എൽ.എ രാജു ഏബ്രഹാം, സി.പി.എം സംസ്ഥാന സമിതിയംഗം എം.എം ലോറൻസ്, കൊല്ലം ജില്ലാക്കമ്മിറ്റിയംഗം പി.കെ ഗോപൻ, പത്തനംതിട്ടയിൽ നിന്നുള്ള ഏരിയാ സെക്രട്ടറി എന്നിവരോടാണ് ഇതുസംബന്ധിച്ച് വിശദീകരണം ചോദിച്ചത്. പിന്നീട് ഇത്തരത്തിൽ നടപടി വേണ്ടെന്ന് വെച്ച നേതൃത്വം മാധ്യമപ്രവർത്തകരോട് സംസാരിക്കരുതെന്ന് പാർട്ടി നേതാക്കൾക്ക് കർശന താക്കീതും നല്‍കി.

മുമ്പും ഇത്തരം സംഭവങ്ങൾ സി.പി.എമ്മിനുള്ളിൽ നിന്നുതന്നെ പുറത്തുവന്നിട്ടുണ്ട്. സി.പി.എമ്മിന്‍റെ കോട്ടയം ജില്ലാ സെക്രട്ടറി വി.എൻ വാസവനും ജില്ലയിലെ പ്രമുഖനായ എം.എൽ.എയും തമ്മില്‍ പാർട്ടിക്കുള്ളിലെ വൈരത്തിന്‍റെ ഭാഗമായി ജില്ലയിൽ സി.പി.എം നേതാക്കളുടെ ഫോൺ ജില്ലാ സെക്രട്ടറി ഇടപെട്ട് ചോർത്തിയെന്ന ആരോപണം സജീവമായിരുന്നു. ഇതുസംബന്ധിച്ച് സി.പി.എം സംസ്ഥാന നേതൃത്വത്തിന് ജില്ലിയിലെ ചില നേതാക്കൾ നൽകിയ പരാതി വലിയ കോളിളക്കമാണ് ജില്ലയില്‍ പാർട്ടിയിൽ സൃഷ്ടിച്ചത്. ഇതിനു ശേഷമാണ് സംസ്ഥാനത്തെ മാധ്യമപ്രവർത്തകരുടെ ഫോൺ ചോർത്തിയെന്ന വിവാദം സി.പി.എമ്മിനെയും ആഭ്യന്തര വകുപ്പിനെയും ഒരേ പോലെ വെട്ടിലാക്കുന്നത്.

-അരവിന്ദ് ബാബു-