എഐയില്‍ സിപിഎമ്മിന് ഡബിള്‍ ഡാഡി സിന്‍ഡ്രോം; പാര്‍ട്ടി നിലപാടിനെ തള്ളി പ്രചാരണ വീഡിയോ

Jaihind News Bureau
Tuesday, February 18, 2025

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ തകിടം മറഞ്ഞ് സിപിഎം. പറയുന്നത് ഒന്നും പ്രവര്‍ത്തിക്കുന്നത് മറ്റൊന്നും ഇതാണ് സിപിഎമ്മിന്‍റെ നയം. AI മൂലം തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുമെന്നും വരാന്‍ പോകുന്ന ഡിജിറ്റല്‍ ലോകത്ത് AI അപകടങ്ങള്‍ വിതക്കാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ നിലപാട്. പാര്‍ട്ടിയുടെ മുഴുവന്‍ നിലപാടും ഇത് തന്നെയെന്ന് വ്യക്തമായിരുന്നു. എന്നാല്‍ അതേസമയം, പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന് ആശംസകള്‍ അറിയിക്കുന്ന ഇ.കെ നായനാരുടെ  വീഡിയോ AI ഉപയോഗിച്ചാണ് സിപിഎം പുറത്തിറക്കിയിരിക്കുകയാണ്.

സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റി തയ്യാറാക്കിയ വീഡിയോയിലാണ് AI സഹായത്തോടെ സംസ്ഥാന സമ്മേളനത്തിന് നായനാര്‍ സഖാക്കളെ ക്ഷണിച്ചുകൊണ്ട് സംസാരിക്കുന്നത്. ‘സഖാക്കളെ, നൂറുകൊല്ലം കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വരില്ലെന്നല്ലേ അവരെല്ലാം പറഞ്ഞത്. അന്നിട്ടെന്താ, ഞാന്‍ മുഖ്യമന്ത്രിയായില്ലേ… വി.എസ്. ആയി, പിണറായി ആയി. നമ്മുടെ പിണറായി രണ്ടാമതും മുഖ്യമന്ത്രി ആയില്ലേടോ.. എന്തുക്കൊണ്ടാണ് അത്. ജനത്തിന് വേണ്ടത് നമ്മളാടോ.. ഈ രാജ്യത്ത് ആദ്യം കര്‍ഷക തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ കൊടുത്തത് ആരാ? കോണ്‍ഗ്രസുകാരാ… ബിജെപിക്കാരാ… അവരൊന്നുമല്ല.. നമ്മളാ… നാടിന് വികസനം വേണ്ടേ.. ആര് പാര വെച്ചാലും അതൊന്നും വകവെച്ച് കൊടുക്കരുത്, പോരാടണം.. അതിന് നമ്മളുടെ പാര്‍ട്ടി ശക്തിപ്പെടുത്തണം. സംസ്ഥാന സമ്മേളനം ഉഷാറാക്കണം. നാട്ടിലെ ജനങ്ങളെല്ലാം നമ്മളോടൊപ്പം നില്‍ക്കും’- ഇതായിരുന്നു വീഡിയോയില്‍ പറഞ്ഞത്.

AI വന്നാല്‍ അത് സോഷ്യലിസത്തിലേക്കുള്ള വളര്‍ച്ചയായിരിക്കും എന്ന് തളിപ്പറമ്പില്‍ വച്ച് പറഞ്ഞ ഗോവിന്ദന്‍ മറ്റൊരിടത്ത് വച്ച് നിലപാട് മാറ്റി പറയുകയായിരുന്നു. AI സംവിധാനം വഴി ഉല്‍പാദിപ്പിക്കുന്നതെല്ലാം സ്വകാര്യ സമ്പത്തിന്‍റെ ഭാഗമാണെന്നും അത് ചൂഷണത്തിന് വഴിയൊരുക്കും എന്നുമായിരുന്നു എം.വി ഗോവിന്ദന്‍റെ തിരുത്തിയ നിലപാട്. ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ഇതുവരെ പാര്‍ട്ടി തയാറായിട്ടില്ല.