തട്ടിപ്പിന് കൂട്ട് ‘തട്ടിപ്പ്’ വാര്‍ത്തകള്‍; വ്യാജവാർത്തകള്‍ മുക്കി സൈബർ സഖാക്കള്‍ തടിതപ്പി

അന്താരാഷ്ട്ര സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതികൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്ന്  വ്യക്തമായതോടെ തീർത്തും പ്രതിരോധത്തിലായി സിപിഎം. മുഖ്യമന്ത്രിയെ വെള്ളപൂശാനുള്ള  സിപിഎമ്മിന്‍റെ ഓരോ നീക്കവും പാളുകയാണ്. കോൺഗ്രസ്, യുഡിഎഫ് നേതാക്കൾക്കും എതിരെയുള്ള നുണപ്രചരണങ്ങൾ സിപിഎം അഴിച്ചുവിടുകയായിരുന്നു. ഇതിനായി വ്യാജ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ചു. പക്ഷേ  സത്യാവസ്ഥ കോൺഗ്രസും യുഡിഎഫും വ്യക്തമാക്കിയതോടെ ഇത് തിരിച്ചടിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടാണ് നുണപ്രചാരണങ്ങള്‍ക്ക് നേതൃത്വം നൽകിയത്.

സ്വർണക്കടത്ത് കേസിലെ പ്രധാന കണ്ണി സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുമായി അടുത്ത് ഇടപഴകുന്ന ദൃശ്യം ആദ്യം ജയ്ഹിന്ദ് ടിവി പുറത്തുവിട്ടിരുന്നു.  ഇത് വ്യാജ വാർത്തയാണെന്നും നടപടി സ്വീകരിക്കുമെന്നുമുള്ള ഭീഷണിയും വെല്ലുവിളിയും ആണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായത്.  എന്നാൽ ദൃശ്യങ്ങളുടെ ആധികാരികത ജയ്ഹിന്ദ് ടിവി പുറത്തുവിട്ടതോടെ ജനത്തിന് കാര്യം ബോധ്യമായി. സ്വപ്ന സുരേഷിനെ എയർ ഇന്ത്യ സാറ്റ്സില്‍ ജോലിക്കായി കാത്തിരുന്ന കാലയളവിൽ ഉമ്മൻചാണ്ടിയും ശശി തരൂരും ശുപാർശ ചെയ്തു എന്നായിരുന്നു സിപിഎം ചാനലായ കൈരളി വാർത്ത നൽകിയത്. എന്നാൽ  വാർത്ത നിലനിന്നില്ല. വാർത്തയ്ക്കെതിരെ  മുൻ അധികൃതർ തന്നെ രംഗത്തെത്തിയതോടെ  ആ കള്ള കഥയ്ക്കും ആയുസ്സ് ഇല്ലാതായി.

കെഎസ്‌യു കോട്ടയം ജില്ലാ സെക്രട്ടറി സച്ചിന്‍ മാത്യുവിന്‍റെ  പേരിലായിരുന്നു സൈബർ സഖാക്കളുടെ മൂന്നാമത്തെ നുണക്കഥ.
സച്ചിന്‍റെ വിവാഹ ഫോട്ടോ  പ്രചരിപ്പിച്ച് ഇത്  സ്വർണ്ണക്കടത്ത് കേസിലെ പ്രതി സരിത്ത് ആണെന്നായിരുന്നു സിപിഎമ്മിന്‍റെ പെരുംനുണ.  മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടൊപ്പം നില്‍ക്കുന്ന  സച്ചിന്‍റെ വിവാഹവേദിയിലെ ചിത്രമാണ് പ്രവർത്തകർ ഉപയോഗിച്ചത്. എന്നാല്‍ സത്യാവസ്ഥ വെളിപ്പെട്ടതോടെ ഈ പോസ്റ്റ് മുക്കി സൈബർ സഖാക്കൾ തടിതപ്പി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്കെതിരെയും ഇത്തരത്തിൽ നുണപ്രചരണം നടത്തിയെങ്കിലും കൈയോടെ പിടിക്കപ്പെട്ടു . തട്ടിപ്പുകാരുടെ ഒപ്പം നടക്കാനും തട്ടിപ്പ് വാർത്തകളും പ്രചരിപ്പിക്കാനും ഒട്ടും പിന്നിലല്ലെന്ന് തെളിയിക്കുകയാണ് സിപിഎം.

Comments (0)
Add Comment