പോലീസിലെ ഉപജാപകസംഘത്തെ മുഖ്യമന്ത്രിക്കു ഭയം; രഹസ്യങ്ങള്‍ പുറത്തുവരുമെന്നു പേടി, വിമര്‍ശനവുമായി വി.ഡി. സതീശന്‍

Jaihind Webdesk
Tuesday, September 3, 2024

 

എറണാകുളം: എഡിജിപി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ  പ്രഖ്യാപിച്ച അന്വേഷണത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആരോപണവിധേയരെ നിലനിർത്തിക്കൊണ്ടുള്ള അന്വേഷണം പ്രഹസനമാണ്. പോലീസിലെ ഉപജാപകസംഘത്തിന്‍റെ ചൊൽപ്പടിയിലാണ് മുഖ്യമന്ത്രിയുള്ളതെന്നും പല രഹസ്യങ്ങളും പുറത്തുവരുമെന്ന ഭയമാണ് അദ്ദേഹത്തിനെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ബംഗാളിലെപ്പോലെ കേരളത്തില്‍ സിപിഎം തകരുന്നതിനെ ഇഷ്ടപ്പെടുന്നില്ലെന്ന് വി.ഡി. സതീശന്‍ കൊച്ചിയില്‍ പറഞ്ഞു.

സിപിഎം അതിന്‍റെ ഏറ്റവും വലിയ ജീര്‍ണതയിലേക്ക് പോകുകയാണ്. ബംഗാളില്‍ അവസാന കാലത്തുണ്ടായ ദുരന്തത്തിലേക്കാണ് കേരള സിപിഎം പോകുന്നത്. പിണറായി വിജയന്‍റെ നേതൃത്വത്തില്‍ കേരളത്തിലെ പാര്‍ട്ടിയെ കുഴിച്ചു മൂടുകയാണ്. അതിനോട് പ്രതിപക്ഷത്തിന് താല്‍പര്യമില്ല. ജനങ്ങളെ പരിഹസിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും സതീശന്‍ പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥര്‍ എന്തെങ്കിലും വെളിപ്പെടുത്തുമോ എന്ന് മുഖ്യമന്ത്രിക്ക് ഭയമാണ്. അതുകൊണ്ടാണ് പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കാത്തതെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രി അറിയാതെയാണ് ഇതൊക്കെ നടന്നതെങ്കിൽ അദ്ദേഹം ദുർബലനാണ്. ഒരിക്കലും മുഖ്യമന്ത്രി അറിയാതെ ഒന്നും നടക്കില്ല. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ രാജി ആവശ്യം പ്രതിപക്ഷം ഉയര്‍ത്തിയത്. സിപിഎമ്മിൽ എന്തൊക്കെയോ നടക്കുന്നുണ്ട്. അതിന്‍റെ ജീർണത പുറത്തുവരുമെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.

എസ്പിയുടെ നേതൃത്വത്തില്‍, എഡിജിപിയുടെ അറിവോടെ, പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ പിന്തുണയോടു കൂടി സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിനും ഗുണ്ടാ സംഘത്തിനും പിന്തുണ കൊടുക്കുന്നു തുടങ്ങിയ ആരോപണങ്ങളല്ലേ ഉയര്‍ന്നത്. ഭരണകക്ഷി എംഎല്‍എ ആരോപണം ഉന്നയിച്ചത് തെറ്റാണെങ്കില്‍ അയാള്‍ക്കെതിരെ നടപടി എടുക്കേണ്ടതല്ലേ. അതിനര്‍ത്ഥം ആരോപണം ശരിയാണെന്നു തന്നെയാണ്. ആരോപണ വിധേയരെ നിലനിര്‍ത്തിയാണോ അന്വേഷണം നടത്തേണ്ടത്?. ആരെയാണ് മുഖ്യമന്ത്രി കളിപ്പിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.