പേരാമ്പ്ര പള്ളിക്കുനേരെയുണ്ടായ കല്ലേറിന് നേതൃത്വംകൊടുത്ത സിപിഎം നേതാവിനെ പിന്തുണച്ച് പാർടി ജില്ലാ സെക്രട്ടറി രംഗത്ത്. പോലീസ് നടപടിക്കെതിരെ മന്ത്രി ഇപി ജയരാജൻ രംഗത്തെത്തിയതിനു പിന്നാലെയാണ് ജില്ലാ സെക്രട്ടറിയും പ്രതിയെ ന്യായീകരിച്ച് രംഗത്തുവന്നത്. അതിനിടെ കോടതയിൽ സർക്കാരിന്‍റെ ഒത്തുകളിയെ തുടർന്ന് റിമാന്‍റിലായ അതുൽദാസിന് കോടതി ജാമ്യമനുവദിച്ചു.
വ്യാഴാഴ്ച വൈകിട്ട് പേരാമ്പ്രയിൽ സിപിഎം ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ മുസ്ലീം പള്ളിക്ക് നേരെ നടന്ന ആക്രമണത്തെ ന്യായീകരിക്കുകയാണ് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ. ആക്രമണത്തിന് നേതൃത്വം നൽകിയ ബ്രാഞ്ച് സെക്രട്ടറി അതുൽദാസ് അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണെന്നു പറഞ്ഞ ജില്ലാ സെക്രട്ടറി, പോലീസിന്റെ പ്രവർത്തിയെ രൂക്ഷമായി വിമർശിച്ചു.
പള്ളിയാക്രമിക്കാൻ ആസൂത്രിത ശ്രമം നടന്നു, മതസ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പോലീസ് അറസ്റ്റുചെയ്ത പ്രതിയെ ന്യായീകരിച്ചും, പോലീസ് നടപടിക്കെതിരെയും മന്ത്രി ഇപി ജയരാജൻ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.
അതിനിടെ പള്ളിയാക്രമിച്ച് വർഗീയ ലഹളയുണ്ടാക്കാൻ ശ്രമിച്ച കേസിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത് റിമാന്റിൽ കഴിഞ്ഞിരുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറി അതുൽദാസിന് കോടതി ജാമ്യമനുവദിച്ചു. ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർക്കാതിരുന്നതോടെയാണ് അറസ്റ്റിലായി 48മണിക്കൂറിനുള്ളിൽ പ്രതിക്ക് ജാമ്യംലഭിച്ചത്. അതിനിടെ സംഭവത്തിൽ ക്ഷമാപണം നടത്തിയതിനുശേഷം സിപിഎം ജില്ലാസെക്രട്ടറി പ്രതിയെ ന്യായീകരിച്ച് രംഗത്തെത്തിയതിനെ പള്ളികമ്മിറ്റി വിമർശിച്ചു. സിപിഎം നിലപാട് ശരിയല്ലെന്നും പള്ളികമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.