മുസ്ലിം പള്ളിക്ക് നേരെ കല്ലെറിഞ്ഞ കേസ്: സി.പി.എം നേതാവ് റിമാന്‍ഡില്‍

Jaihind Webdesk
Sunday, January 6, 2019

ഹർത്താൽ ദിവസം ഡി.വൈ.എഫ്.ഐ പ്രകടനത്തിനിടെ പേരാമ്പ്രയിൽ മുസ്ലിം പള്ളിക്ക് നേരെ കല്ലെറിഞ്ഞ കേസില്‍ അറസ്റ്റിലായ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ കോടതി റിമാൻഡ് ചെയ്തു. ഡി.വൈ.എഫ്.ഐ മേഖലാ ഭാരവാഹി കൂടിയായ പന്നിമുക്ക് മാണിക്കോത്ത് അതുൽ ദാസിനെയാണ് പേരാമ്പ്ര കോടതി റിമാൻഡ് ചെയ്തത്.

ഹർ‌ത്താൽ ദിവസം വൈകുന്നേരം പ്രകടനം നടത്തിയ ഡി.വൈ.എഫ്.ഐക്കാർ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇതിനിടെയാണ് സമീപത്തെ മുസ്ലിം പള്ളിക്കും മുസ്ലീം ലീഗ് ഓഫീസിനും നേരെ കല്ലേറുണ്ടായത്. സംഘർഷം സൃഷ്ടിക്കാനായിരുന്നു അതുൽ ദാസ് ഉൾപ്പെടെയുള്ള സംഘത്തിന്‍റെ ശ്രമമെന്ന് പൊലീസ് പറഞ്ഞു.

സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിന്‍റെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് കല്ലെറിഞ്ഞത് അതുല്‍ ദാസ് തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചത്. ഇയാള്‍ക്കെതിരെ ക്രിമിനല്‍ നിയമം 153 എ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. മതസ്പര്‍ധ വളര്‍ത്താനും വര്‍ഗീയകലാപം ഉണ്ടാക്കാനുമുള്ള ശ്രമമാണ് ഇയാള്‍ നടത്തിയതെന്ന് പോലീസ് പറഞ്ഞു.